കൊല്ലം: കിളികൊല്ലൂര്‍ ലോക്കപ്പ് മര്‍ദനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.മദ്രാസ് റെജിമെന്‍റിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് അന്വേഷണം.
ഇവർ കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയിരുന്നു.സൈനികനാ ണെന്ന് അറിയിച്ചിട്ടും പോലീസ് തല്ലിചതച്ചത് കേന്ദ്ര പ്രതിരോധ വകുപ്പ് അതീവ ഗൗരവകരമായാണ് കാണുന്നത്. വിഷയം ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു സൈനികനെ കസ്റ്റഡിയിലെടുക്കുമ്ബോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളില്‍ പോലീസ് വീഴ്ച വരുത്തി. സംഭവത്തെക്കുറിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ നേരിട്ട് തന്നെ സൈനിക ഉദ്യോഗസ്ഥരോട് വിശദീകരിക്കേണ്ടിവരും.
അതേസമയം കിളികൊല്ലൂര്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് പൊലീസിന് തന്നെ തിരിച്ചടിയായി. രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. തര്‍ക്കത്തിനിടെ എഎസ്‌ഐ പ്രകാശ് ചന്ദ്രന്‍ ആദ്യം സൈനികന്‍റെ മുഖത്ത് കൈവീശി അടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.
മുഖത്ത് അടിയേറ്റ സൈനികന്‍ എസ്‌ഐയെ തിരിച്ചടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അടിപിടിക്കിടെ ഇരുവരും നിലത്ത് വീഴുകയും ചെയ്യുന്നുണ്ട്.എഡിറ്റ് ചെയ്ത ഭാഗിക ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കിയതും പൊലീസ് സ്റ്റേഷനുള്ളില്‍ മര്‍ദിച്ചതും വിവാദമായതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.