KeralaNEWS

ഔഷധി ഭരണസമിതിയില്‍ എതിര്‍പ്പ്; സന്ദീപാനന്ദഗിരിയുടെ ആശ്രമം ഇപ്പോള്‍ വാങ്ങുന്നില്ല

തിരുവനന്തപുരം: ഔഷധിക്കായി സന്ദീപാനന്ദഗിരിയുടെ ആശ്രമം ഏറ്റെടുക്കാനുള്ള നീക്കത്തിന് തിരിച്ചടി. ഇതേക്കുറിച്ച് വിശദമായി പഠിച്ചശേഷം നടപടികളുമായി മുന്നോട്ടുപോയാല്‍ മതിയെന്ന് പുതുതായി രൂപവത്കരിച്ച ഡയറക്ടര്‍ ബോര്‍ഡിന്റെ ആദ്യയോഗം തീരുമാനിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ അജന്‍ഡയായി ഇതുണ്ടായിരുന്നെങ്കിലും ഭരണസമിതി അംഗങ്ങളില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതിനെത്തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. ഒട്ടേറെ കടമ്പകളുള്ളതിനാല്‍ ഉടന്‍ തീരുമാനം കൈക്കൊേള്ളണ്ടെന്ന് ഭരണസമതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമവും കെട്ടിടങ്ങളും ഔഷധിക്ക് ‘വെല്‍നെസ് സെന്റര്‍’ തുടങ്ങാനായി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മാനേജിങ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തെഴുതിയിരുന്നു. 73 സെന്റ് സ്ഥലവും 18,000 ചതുരുശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടവും വെല്‍നെസ് കേന്ദ്രത്തിന് അനുയോജ്യമായതിനാല്‍ ഔഷധിക്കായി ഏറ്റെടുക്കണമെന്നാണ് മാനേജിങ് ഡയറക്ടര്‍ ഡോ. ഹൃദിക് സര്‍ക്കാരിന് കത്തെഴുതിയത്. ഭരണസമിതിയുടെ അനുമതിയില്ലാതെ എം.ഡി. സര്‍ക്കാരിന് നേരിട്ട് കത്തെഴുതിയ നടപടി ചട്ടപ്രകാരമല്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

Signature-ad

രാഷ്ട്രീയനിയമനത്തിലൂടെ വന്ന നാലു ബോര്‍ഡംഗങ്ങള്‍ ഉള്‍പ്പടെ ആദ്യ സമ്പൂര്‍ണ ഭരണസമിതി യോഗമാണ് വെള്ളിയാഴ്ച നടന്നത്. മുഴുവന്‍സമയ മാനേജിങ് ഡയറക്ടറുടെ നിയമനം നീളുകയാണ്. മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് സി.ഇ.ഒ. ആയ ഡോ. ഹൃദിക്കിന് ഔഷധി മാനേജിങ് ഡയറക്ടറുടെ അധികച്ചുമതല നല്‍കിയിരിക്കുകയാണിപ്പോള്‍.

കെ. പത്മനാഭന്‍, കെ.എഫ്. ഡേവിഡ് (ഇരുവരും സി.പി.എം.), ടി.വി. ബാലന്‍ (സി.പി.ഐ.), കുര്യാക്കോസ് പ്ലാപ്പറമ്പില്‍ (കേരള കോണ്‍ഗ്രസ് എം.) എന്നിവരാണ് പുതുതായി എത്തിയ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍.

 

 

 

 

 

Back to top button
error: