NEWS

അ‌ടിയന്തര ട്രെയിൻ യാത്രകളിലെ രക്ഷകൻ; ഉറപ്പായും അ‌റിഞ്ഞിരിക്കേണ്ട തത്കാൽ ടിക്കറ്റ് വിവരങ്ങൾ

മ്മൾ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം യാത്രകൾക്ക് നാം കൂടുതലായും ആശ്രയിച്ചുവരുന്നത് ട്രെയിനുകളെയാണ്. അ‌ത്ര വലുതല്ലാത്ത നിരക്കിൽ സുഖകരമായ യാത്രയാണ് റെയിൽവേ സമ്മാനിക്കുന്നത്. യാത്ര സുഖകരമാക്കാൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്ന സംവിധാനമടക്കം റെയിൽവേ യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. എന്നാൽ പെട്ടെന്നു തീരുമാനിക്കുന്ന യാത്രകൾക്ക് ടിക്കറ്റെടുക്കാൻ ഓടിച്ചെല്ലുമ്പോഴാകും നാം അ‌റിയുക ടിക്കറ്റ് ബുക്കിങ് പൂർത്തിയായെന്ന്.
എന്നാൽ അ‌തു കണ്ട് നിരാശരാകേണ്ട. കാരണം അ‌ത്യാവശ്യ ട്രെയിൻ യാത്രയ്ക്കൊരുങ്ങുമ്പോൾ ടിക്കറ്റ് കിട്ടാതെ വലയുന്നവരെ സഹായിക്കാൻ റെയിൽവേതന്നെ മാർഗം ഒരുക്കിയിട്ടുണ്ട്, അ‌താണ് തത്കാൽ റിസർവേഷൻ. വളരെപ്പെട്ടെന്ന് യാത്രയ്ക്കൊരുങ്ങുന്ന നിരവധി പേർക്ക് തുണയാകുന്ന സംവിധാനമാണ് തത്കാൽ. ഭൂരിഭാഗം ട്രെയിനുകളിലും റിസർവേഷൻ കൂടാതെ തത്കാൽ ടിക്കറ്റുകൾക്കായും സീറ്റുകൾ ഒഴിച്ചിട്ടിട്ടുണ്ടാകും.
തത്കാൽ എന്നാൽ തൽക്ഷണം എന്നാണ് അ‌ർഥമാക്കുന്നത്. നമുക്ക് സഞ്ചരിക്കേണ്ട ട്രെയിൽ യാത്രതുടങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് തത്കാൽ റിസർവേഷൻ സാധ്യമാകുക. എസി ക്ലാസുകളുടെ തത്കാൽ ബുക്കിങ് ദിവസവും രാവിലെ 10 ന് ആണ് ആരംഭിക്കുക. നോൺ എസി ക്ലാസുകളിലേക്കുള്ള ബുക്കിങ് രാവിലെ 11 നും ആരംഭിക്കും. ഓൺ​ലൈനിൽ സ്വന്തമായും റെയിൽവേ സ്റ്റേഷനിലെത്തി​ കൗണ്ടറുകൾ വഴിയും തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
ഏജന്റുമാർ ടിക്കറ്റ് ​കൈക്കലാക്കുന്നത് തടയാനും സാധാരണക്കാർക്ക് കൂടുതൽ പരിഗണന ഉറപ്പാക്കാനുമുള്ള നടപടികളും റെയിൽവേ തത്കാൽ ബുക്കിങ്ങിൽ സ്വീകരിച്ചിട്ടുണ്ട്. അ‌തിനായി എസി കോച്ചുകളിലെ തത്കാൽ ടിക്കറ്റുകൾ എടുക്കുന്നതിന് രാവിലെ 10 മുതൽ 10.15 വരെയും നോൺ എസി ക്ലാസുകളുടെ തത്കാൽ ടിക്കറ്റുകൾ എടുക്കുന്നതിന് രാവിലെ 11 മുതൽ 11.15 വരെയും ഏജന്റുമാർക്ക് നിയന്ത്രണമുണ്ട്. സെർവറുകളിലെ തിരക്ക് കുറയ്ക്കാനും ഈ നടപടി സഹായകമാണ്.
ഒരാൾക്ക് ഒരു പിഎൻആർ നമ്പറിൽ 4 താത്കാൽ ടിക്കറ്റുകൾ മാത്രമാണ് ബുക്ക് ചെയ്യാനാകുക. ഒരു വ്യക്തിക്ക് ഒരു ഐപി അ‌ഡ്രസിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രതിദിനം 2 ടിക്കറ്റുകളും(സ്ലീപ്പർ അല്ലെങ്കിൽ എസി) ഏജന്റുമാർക്ക് ഒരു ട്രെയിനിൽ പ്രതിദിനം ഒരു തത്കാൽ ടിക്കറ്റുമേ ബുക്ക് ചെയ്യാൻ സാധിക്കൂ. ഫസ്റ്റ് എസി ഒഴികെയുള്ള എല്ലാ ക്ലാസുകളിലും തത്കാൽ ബുക്കിങ് സാധ്യമാണ്. സെക്കൻഡ് ക്ലാസിൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും മറ്റു ക്ലാസുകളിൽ അടിസ്ഥാന നിരക്കിന്റെ 30 ശതമാനവുമാകും തത്കാൽ നിരക്ക്. ടിക്കറ്റ് നിരക്കിലെ മാറ്റങ്ങൾ തത്കാൽ നിരക്കിനെയും ബാധിക്കും.
തത്കാലിന്റെ മിനിമം നിരക്കും പരമാവധി നിരക്കും
എസി 2-ടയർ- 400 രൂപ- 500 രൂപ എക്‌സിക്യൂട്ടീവ്- 400 രൂപ- 500 രൂപ എസി 3-ടയർ- 300 രൂപ- 400 രൂപ എസി ചെയർ കാർ- 125 രൂപ- 225 രൂപ സ്ലീപ്പർ- 100 രൂപ- 200 രൂപ റിസർവ് ചെയ്ത രണ്ടാം സിറ്റിംഗ് (2S)- 10 രൂപ – 15 രൂപ
തത്കാൽ ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം
 ആദ്യം, https://www.irctc.co.in വെബ്സൈറ്റ് സന്ദർശിച്ച് ഒരു ഐ.ആർ.സി.ടി.സി. അക്കൗണ്ട് ഉണ്ടാക്കുക.അക്കൗണ്ട് സജ്ജീകരിച്ച ശേഷം, ഒരു മാസ്റ്റർ ലിസ്റ്റ് ഉണ്ടാക്കുക. ‘മൈ പ്രൊഫൈൽ’ വിഭാഗത്തിൽ ആണ് മാസ്റ്റർ ലിസ്റ്റ് ഓപ്ഷനുള്ളത്. പേര്, പ്രായം, സ്ത്രീ/പുരുഷൻ, ബെർത്ത് മുൻഗണന, ഭക്ഷണ മുൻഗണന, മുതിർന്ന പൗരൻ, ഐഡി കാർഡ് തരം, ഐഡി കാർഡ് നമ്പർ തുടങ്ങിയ വിശദാംശങ്ങൾ ഇവിടെ സേവ് ചെയ്ത ശേഷം, ആഡ് പാസഞ്ചർ ക്ലിക്ക് ചെയ്യുക.
 മാസ്റ്റർ ലിസ്റ്റിൽ ഒരാൾക്ക് 20 യാത്രക്കാരെ വരെയാണ് സേവ് ചെയ്യാവുന്നത്. തുടർന്ന് ഒരു യാത്രാ പട്ടിക സൃഷ്ടിക്കുക. മൈ പ്രൊഫൈലിൽ തന്നെ ഇതിനുള്ള ഓപ്ഷനുണ്ട്. മാസ്റ്റർ ലിസ്റ്റ് ഉണ്ടാക്കിയതിന് ശേഷം മാത്രമേ ഈ ലിസ്റ്റ് നിർമ്മിക്കാൻ കഴിയൂ. തുടർന്ന് ട്രാവൽ ലിസ്റ്റ് പേജിലേക്ക് പോകുക. അ‌വിടെ പട്ടികയുടെ പേരും വിശദാംശങ്ങളും ചോദിക്കും. ഇതിനുശേഷം, മാസ്റ്റർ ലിസ്റ്റിൽ നിന്ന് യാത്രക്കാരന്റെ പേര് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടാകും. ആ ലിസ്റ്റിലേക്ക് യാത്രക്കാരുടെ പേരുകൾ ഉൾപ്പെടുത്തുക.
പിന്നീട് പ്ലാൻ മൈ ജേർണി എന്ന ബോക്‌സിൽ നിങ്ങളുടെ യാത്രയ്ക്ക് അനുസരിച്ച് സ്റ്റേഷനുകളുടെ പേരുകൾ നൽകുക.തീയതി തെരഞ്ഞെടുക്കുന്നതോടെ റൂട്ടിലെ ട്രെയിൻ വിവരങ്ങൾ ദൃശ്യമാകും. ട്രെയിനിൽ ക്ലിക്ക് ചെയ്യുന്നതോടെ ലിസ്റ്റിന് മുകളിൽ, ജനറൽ, പ്രീമിയം തത്കാൽ, ലേഡീസ്, തത്കാൽ എന്നിവയ്ക്കുള്ള റേഡിയോ ബട്ടണുകൾ ഉണ്ടാകും. ഇതിൽ നിന്ന് ആവശ്യമുള്ള ടിക്കറ്റ് തെരഞ്ഞെടുത്ത് ബുക്ക് ചെയ്യുക.
തത്കാൽ ടിക്കറ്റ് വേഗം ബുക്ക് ചെയ്യാൻ
അ‌തിവേഗമാണ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്തുപോകുന്നത്. രണ്ടിലേറെ പേർക്കായാണ് നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്കിൽ ഓരോ യാത്രക്കാരന്റെയും പേര്, വയസ്, ലിംഗഭേദം, ബെർത്ത് മുൻഗണന തുടങ്ങിയ വിശദാംശങ്ങൾ നൽകിയാൽ മാത്രമേ തത്കാൽ ക്വാട്ടയിൽ ടിക്കറ്റ് ലഭിക്കൂ. മാനുവലായി ഇതു ചെയ്തു വരുമ്പോഴേക്കും ആകെയുള്ള കുറച്ച് ടിക്കറ്റും തീർന്നിട്ടുണ്ടാകും. അ‌തിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സമയം ലാഭിക്കാൻ യാത്രക്കാരുടെ വിവരങ്ങൾ മുൻകൂട്ടി സേവ് ചെയ്ത മാസ്റ്റർ ലിസ്റ്റ് സഹായിക്കും.

Back to top button
error: