LocalNEWS

‘പടവെട്ട്’ ഇന്ന് തിയേറ്ററുകളില്‍, നിവിന്‍ പോളിയുടെ ആരാധകർ ആഘോഷത്തിമിർപ്പിൽ

നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട് ഇന്ന് റിലീസ് ചെയ്യും. ലിജു കൃഷ്ണ തന്നെയാണ് ചിത്രത്തിനു തിരക്കഥ രചിച്ചത്.

സ്വന്തം ഗ്രാമത്തിലെ സാധരണക്കാരുടെ പ്രശ്നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തിൽ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍ പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയ്‌ലറും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കൊച്ചിയില്‍ ഐ.എസ്.എല്‍ വേദിയില്‍ കേരള ബാസ്റ്റേഴ്‌സിനൊപ്പമാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടത്.  കരിയറിലെ തന്നെ വ്യത്യസ്തമായ വേഷവുമായിട്ടാണ് നിവിന്‍ ഇത്തവണയെത്തുന്നത്.

ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാത്ത സാധാരണക്കാരനായ യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഴിമതിക്കും ചുഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി സഹകരിച്ച് സരിഗമ ഇന്ത്യ ലിമിറ്റഡ് നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പടവെട്ട്. യൂഡ്ലീ ഫിലിംസ് എന്ന ബാനറില്‍ തമിഴിലും മലയാളത്തിലുമായി നിരവധി മികച്ച സിനിമകള്‍ ഒരുക്കിയ ശേഷമാണ് സരിഗമ ഇപ്പോള്‍ മലയാളത്തിലേക്കു പ്രവേശിച്ചത്.

നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ദീപക് ഡി. മേനോനാണ് ക്യാമറ. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു.എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Back to top button
error: