IndiaNEWS

തലസ്ഥാനത്ത് ദീപാവലിക്കു പടക്കം പൊട്ടിക്കൽ നിരോധിച്ചതിനെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു, ‘ജനം ശുദ്ധവായു ശ്വസിക്കട്ടെ’

ദീപാവലി ആഘോഷം വരാനിരിക്കെ ദേശീയ തലസ്ഥാന പ്രദേശത്ത് പടക്കം പൊട്ടിക്കൽ നിരോധിച്ചതിന് എതിരായ ഹർജി ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളി. ഹൈക്കോടതിയിൽ ഒരു പടക്ക നിർമാണ കമ്പനിയും സുപ്രീം കോടതിയിൽ ബി.ജെ.പി നേതാവ് മനോജ് തിവാരിയും നൽകിയ ഹർജികളാണ് തള്ളിയത്. കേന്ദ്ര ഭരണ പ്രദേശത്ത് 2023 ജനുവരി ഒന്ന് വരെ പടക്കം നിർമിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനും പൊട്ടിക്കുന്നതിനും ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡ് ഏർപെടുത്തിയ നിരോധനത്തിന് എതിരായിരുന്നു രണ്ട് ഹർജികളും.

ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചാണ് തിവാരിയുടെ ഹർജി തള്ളിയത്. ‘ജനങ്ങൾ ശുദ്ധവായു ശ്വസിക്കട്ടെ’ എന്ന് നിരീക്ഷിച്ചായിരുന്നു കോടതി നടപടി. ഉത്സവങ്ങൾ ആഘോഷിക്കാൻ വേറെയും വഴികളുണ്ടെന്നും കോടതി പറഞ്ഞു. പടക്കത്തിന് പകരം ആ പണം മധുരപലഹാരങ്ങൾ നൽകാൻ വിനിയോഗിക്കൂ എന്നും കോടതി നിരീക്ഷിച്ചു.

സമാനമായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഹൈക്കോടതിക്ക് ഇക്കാര്യം പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമ ശിവ ഫയർവർക്സിന്റെ ഹർജി തള്ളിയത്.

അന്തരീക്ഷ മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഡൽഹിയിൽ പടക്കത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയത്.

Back to top button
error: