ലണ്ടന്‍: അധികാരമേറ്റ് 45 ാം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രീട്ടിഷ് പ്രധാനമന്ത്രിയെന്ന റെക്കോഡ് ട്രസിന്റെ പേരിലായി. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു ലിസ് ട്രസ്. പ്രധാനമന്ത്രിയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. താന്‍ പോരാളിയാണെന്നും തോറ്റുപിന്‍മാറില്ലെന്നും ലിസ് ട്രസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍, തന്നെ ഏല്പിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ് രാജിവച്ചതിനു പിന്നാലെ വ്യക്തമാക്കി. പുതിയ പ്രധാനമന്ത്രി വരുന്നതുവരെ സ്ഥാനത്തു തുടരുമെന്നും അവര്‍ അറിയിച്ചു.
ട്രസ് പ്രധാനമന്ത്രിയായതിനു പിന്നാലെ അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെതിരേ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. നികുതിയിളവുകള്‍ അശാസ്ത്രീയമാണെന്ന് ആരോപണങ്ങളുണ്ടായി. പ്രതിസന്ധിയിലായ ബ്രിട്ടന്റെ സാമ്പത്തിക നിലയെ ഇതു കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഭരണപക്ഷത്തുനിന്നു തന്നെ പ്രധാനമന്ത്രിക്കെതിരേ വിമര്‍ശനമുണ്ടായി. കഴിഞ്ഞ ദിവസം രാജിവച്ച ആഭ്യന്തര മന്ത്രിയും ലിസ് ട്രസിനെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു.
കടുത്ത പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ വംശജന് ഋഷി സുനകിനെ പിന്തള്ളിയാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടത്. ബോറിസ് ജോണ്‍സനു പിന്‍ഗാമിയെ കണ്ടെത്താന്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പില്‍ ട്രസ് 57% വോട്ട് നേടിയിരുന്നു. ബ്രിട്ടന്റെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയായിരുന്നു ലിസ്. മാര്‍ഗരറ്റ് താച്ചറും തെരേസ മേയുമാണു മറ്റു 2 പേര്.
നഴ്സായ പ്രിസില്ല മേരി ട്രസിന്റെയും ഗണിത പ്രഫസറായിരുന്ന ജോണ്‍ കെന്നത്തിന്റെയും മകളായി 1975 ജൂലൈ 26ന് ബ്രിട്ടനിലെ ഓക്സ്ഫഡിലാണു ലിസ് ട്രസിന്റെ ജനനം. അക്കൗണ്ടന്റായി ജോലിചെയ്യുന്ന കാലത്തെ സഹപ്രവര്ത്തകന് ഹ്യൂ ഒലിയറിയുമായി 2000 ല്‍ ആയിരുന്നു വിവാഹം. രണ്ടു മക്കളുടെ അമ്മയായതിനൊപ്പം കരിയറിലും അവര്‍ ഉയര്‍ന്നു.
2010 ല്‍ സൗത്ത് വെസ്റ്റ് നോര്‍ഫോക്കില്‍നിന്നുള്ള എം.പിയായി. 2012 ല്‍ വിദ്യാഭ്യാസ മന്ത്രിയായി. പരിസ്ഥിതി മന്ത്രിയായിരിക്കെ 2014 ല്‍ നടത്തിയ ‘ചീസ്’ പ്രസംഗം ചര്‍ച്ച ചെയ്യപ്പെട്ടു. ബ്രെക്സിറ്റ് വിവാദകാലത്ത്, യൂറോപ്യന്‍ യൂണിയന് വിടേണ്ടെന്നു വാദിച്ച് 2016 മേയ് 15 നു സണ്‍ പത്രത്തില്‍ ലേഖനമെഴുതി.
തെരേസ മേ സര്‍ക്കാരിന്റെ ഭാഗമായിരിക്കെ 2017 ല്‍ വിവരം ചോര്‍ത്തല്‍ വിവാദങ്ങളെത്തുടര്‍ന്ന് പുറത്താക്കപ്പെട്ടു. ബോറിസ് ജോണ്സണ് പ്രധാനമന്ത്രിയായതോടെ ലിസിന്റെ തിരിച്ചുവരവായി. 2021 സെപ്റ്റംബറില്‍ വിദേശകാര്യ മന്ത്രിയായി.