KeralaNEWS

ചലച്ചിത്ര നടൻ ജയസൂര്യ കായൽ കയ്യേറി മതിൽ നിർമിച്ചു, 6 വർഷത്തെ അലംഭാവത്തിനൊടുവിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

ഗൗരവമേറിയ കുറ്റകൃത്യമായിരുന്നു. വിജിലൻസ് അന്വേഷണം പൂർത്തിയാക്കുകയും ചെയ്തു. പക്ഷേ 6 വർഷം കാത്തിരുന്നിട്ടും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചില്ല. ഹർജിക്കാരൻ വീണ്ടും കോടതിയിൽ ഹർജി ഫയൽ ചെയ്തതോട പൂഴ്ത്തിവച്ച കുറ്റപത്രം കോടതിയിൽ സമർപ്പിക്കേണ്ടി വന്നു വിജിലൻസിന്. സിനിമാതാരം ജയസൂര്യ ചിലവന്നൂർ കായൽ കയ്യേറി മതിൽ നിർമിച്ചു എന്ന കേസിലാണ് വിജിലൻസ് അന്വേഷണ സംഘം ഇന്നലെ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും 6 വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ഹർജിക്കാരനായ ഗിരീഷ് ബാബു കോടതിയിൽ വീണ്ടും ഹർജി ഫയൽ ചെയ്തതോടെയാണു ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്.

കടവന്ത്ര ഭാഗത്തെ വീടിനു സമീപം ബോട്ടു ജെട്ടിയും ചുറ്റുമതിലും ജയസൂര്യ നിർമിച്ചിരുന്നു. ഇതു ചിലവന്നൂർ കായൽ പുറമ്പോക്കു കയ്യേറി നിർമിച്ചതെന്നാണ് ഹർജിക്കാരൻ പറയുന്നത്. കണയന്നൂർ താലൂക്ക് സർവേയർ ഇതു ശരിവയ്ക്കുകയും ചെയ്തു. കോർപറേഷൻ സെക്രട്ടറി തൃശൂർ വിജിലൻസ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. സംഭവം നടന്നത് എറണാകുളം ജില്ലയിൽ ആയതിനാൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കു കേസ് മാറ്റി.

Signature-ad

തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടവും ലംഘിച്ചു കായലോരത്ത് ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിർമിച്ചതിനു കോർപറേഷൻ അധികൃതർ ഒത്താശ ചെയ്തെന്നാണ് പരാതി.
കോടതി ഉത്തരവിനെ തുടർന്ന് അന്വേഷണം നടത്തിയ കൊച്ചി വിജിലന്‍സ് ഡിവൈഎസ്പി ആരോപണം ശരിവെച്ചുകോണ്ടാണ് കുറ്റപത്രം സമർപ്പിച്ചത്. ജയസൂര്യ കായല്‍തീരം കയ്യേറിയിട്ടുണ്ടെന്നും അതിന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്നും കുറപത്രത്തില്‍ പറയുന്നു. ഇങ്ങനെ സഹായിച്ച കോർപറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ കെ പി രാമചന്ദ്രന്‍, എന്‍എം ജോര്‍ജ്ജ്, ഗിരിജാ ദേവി തുടങ്ങിയവരെയും പ്രതിചേര്‍ത്താണ് കുറ്റപത്രം.
2013ൽ നൽകിയ പരാതിയെത്തുടർന്ന് അനധികൃത നിർമാണം 14 ദിവസത്തിനകം പൊളിച്ചുനീക്കാൻ ജയസൂര്യക്കു കൊച്ചി കോർപറേഷൻ 2014ൽ നോട്ടിസ് നൽകി. കയ്യേറ്റം അളക്കാൻ കണയന്നൂർ താലൂക്ക് സർവേയറെ ചുമതലപ്പെടുത്തിയെങ്കിലും ഉത്തരവുകളൊന്നും നടപ്പായില്ല. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്.

Back to top button
error: