LocalNEWS

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും, ദയാബായി സമരത്തില്‍നിന്നു പിന്‍മാറണമെന്ന് മുഖ്യമന്ത്രി

സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തിവരുന്ന സമരത്തോട് അനുഭാവപൂര്‍വമായ സമീപനമാണേ് സര്‍ക്കാരിനുള്ളതെന്നും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നുതന്നെയാണ് സര്‍ക്കാരിന്റെ സുവ്യക്തമായ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍ക്കാരിന്റെ ഉറപ്പുകളില്‍ അവ്യക്തതയില്ലെന്നും ഉറപ്പുകള്‍ പാലിക്കുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാല് ആവശ്യങ്ങളാണ് ദയാബായി സമരത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. എയിംസുമായി ബന്ധപ്പെട്ട ആവശ്യമൊഴിച്ച്‌ മറ്റുള്ളതെല്ലാം നടപ്പിലാക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും. കാസര്‍കോഡ് ജില്ലയിലെ മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി തുടങ്ങിയിടങ്ങളില്‍ ദുരിതബാധിതര്‍ക്ക് പ്രത്യേക മുന്‍ഗണന ഉറപ്പാക്കും. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി പൂര്‍ണമായി സജ്ജമാകുമ്പോള്‍ അവിടെയും ഇപ്പോള്‍ മറ്റ് ആശുപത്രികളിലുള്ള സൗകര്യം ഒരുക്കും. ടാറ്റ ട്രസ്റ്റ് ആശുപത്രിയിലും പ്രത്യേക സൗകര്യമൊരുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പകല്‍ പരിചരണ കേന്ദ്രത്തിന്റെ ആവശ്യത്തിലും പ്രത്യേക പരിഗണന നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പകല്‍ പരിചരണ കേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിക്കും. ഇത്രയും കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിലൊന്നും ഒരു അവ്യക്തതയുമില്ല. ഈ സാഹചര്യം മനസിലാക്കി ദയാബായി സമരത്തില്‍നിന്നു പിന്‍മാറണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: