IndiaNEWS

ജയലളിതയുടെ മരണത്തില്‍ ദുരൂഹത, ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ഹൃദയശസ്ത്രക്രിയ നടത്തിയില്ല; മരണവിവരം മറച്ചുവച്ചു, കുറ്റക്കാരിയായ ശശികലയ്ക്കെതിരെ കേസെടുക്കണം: ജുഡീഷ്യല്‍ കമ്മീഷൻ്റേത് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സഹചാരി ശശികലയ്‌ക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌ത് അറുമുഖസാമി കമ്മിഷന്‍ റിപ്പോര്‍ട്ട്. ജയലളിതയുടെ മരണം അന്വേഷിക്കാന്‍ രൂപീകരിച്ച കമ്മിഷന്‍റെ റിപ്പോര്‍ട്ട് ചൊവ്വാഴ്‌ച സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. റിപ്പോര്‍ട്ടില്‍ ശശികല ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്.

2012ല്‍ ജയലളിത ശശികലയെ പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കിയിരുന്നു. ജയലളിതയുമായി വീണ്ടും ഒരുമിച്ചുവെങ്കിലും ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Signature-ad

വിദേശ ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയ ശുപാര്‍ശ ചെയ്തെങ്കിലും നടത്തിയില്ല. ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ വലിയ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും ജസ്റ്റിസ് അറുമുഖ സ്വാമി ചൂണ്ടിക്കാട്ടുന്നു. ജയലളിതയുടെ മരണ സമയം സംബന്ധിച്ചും വ്യക്തത കുറവുണ്ട്. മരണവിവരം പൊതുസമൂഹത്തെ അറിയിച്ചത് ഒരുദിവസം വൈകിയാണെന്നും തമിഴ്‌നാട് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മരണ വിവരം ഒരു ദിവസം കഴിഞ്ഞാണ് പുറത്തുവിട്ടതെന്ന് ദൃക്സാക്ഷി മൊഴികളില്‍ നിന്ന് വ്യക്തമാകുന്നതായും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ജയലളിതയുടെ തോഴി ശശികല, ഡോ.ശിവകുമാര്‍, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി വിജയ് ഭാസ്കര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ നാലു പേരും വിചാരണ നേരിടണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

അഞ്ചു വര്‍ഷത്തെ അന്വേഷണത്തിന് ഒടുവിൽ ഓഗസ്റ്റിലാണ് കമ്മീഷന്‍ 1,108 പേജുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കൈമാറിയത്. ഈ റിപ്പോര്‍ട്ടാണ് ഇന്ന് നിയമസഭയില്‍ വച്ചത്.

ജയലളിതയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ശരിയായ ചികിത്സ ലഭിച്ചിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ, അന്നത്തെ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമാണ് അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചത്.

2016 സെപ്റ്റംഹര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ 2016 ഡിസംബര്‍ 5ന് മരണം സ്ഥിരീകരിച്ചത് വരെയുള്ള കാര്യങ്ങളാണ് കമ്മീഷന്‍ അന്വേഷിച്ചത്.

159 സാക്ഷികളെ കമ്മീഷന്‍ നേരില്‍ കണ്ട് മൊഴിയെടുത്തു. ജയലളിതയുടെ ഡോക്ടര്‍ കെ എസ് ശിവകുമാര്‍, മുന്‍ ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍, മുന്‍ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍ എന്നിവരുടെയും മൊഴി കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്നു. അതേസമയം, ജയലളിതയ്ക്ക് ചികിത്സ നല്‍കിയതില്‍ വീഴചയില്ലെന്നാണ് എയിംസിലെ വിദഗ്ധ സംഘം നല്‍കിയ റിപ്പോര്‍ട്ട്.

Back to top button
error: