KeralaNEWS

കേരളത്തെ വിദ്യാഭ്യാസ ഹബ്ബായി മാറ്റും, തൊഴിലവസരങ്ങൾ വർധിപ്പിക്കും; അടുത്ത മൂന്ന് വർഷത്തിനകം യുകെയിൽ 42000 നഴ്‌സുമാരുടെ ഒഴിവ് വരും. വിദേശയാത്ര വൻ വിജയമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിൻ്റെ വികസനം മുൻനിർത്തിയായിരുന്നു വിദേശയാത്രയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്ര പൂർണമായി ലക്ഷ്യം കണ്ടുവെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ യാത്രയിൽ ഉണ്ടായി എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങൾ ഉണ്ടാക്കാനായി. ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ഉൾപ്പടെ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു.

ലോകകേരള സഭ മേഖല സമ്മേളനത്തില്‍ 10 യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി കേരളത്തിനെ മാറ്റാൻ ഉതകുന്ന സഹായങ്ങൾ ലഭ്യമായി. കേരളത്തിൽ നിന്നും യു കെയിലേക്ക് തൊഴിൽ കുടിയേറ്റത്തിനുള്ള അനുമതി ലഭ്യമായതായും മുഖ്യമന്ത്രി വ്യക്തമാക്കി.

‘നവംബറിൽ ഒരാഴ്ച നീളുന്ന യു.കെ എംപ്ലോയ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ആദ്യ പരിഗണന ആരോഗ്യ മേഖലയിലുള്ളവർക്കായിരിക്കും.’ മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ ഇതര മേഖലയിലെ പ്രൊഫഷണലുകൾക്കും യു.കെ തൊഴിൽ കുടിയേറ്റം സാധ്യമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വിദേശത്തേയ്ക്കുള്ള അനധികൃത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവ സമീപത്ത് കാലത്ത് നേരിടുന്ന വെല്ലുവിളിയാണ്. ഇത് തടയാൻ ഓപ്പറേഷൻ ശുഭയാത്ര ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നോർവേയുമായുള്ള സഹകരണം മത്സ്യ ബന്ധന മേഖലക്ക് വൻ കുതിപ്പ് ഉണ്ടാക്കും. മത്സ്യബന്ധന മേഖലയിലും വളർച്ചയുണ്ടാവുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ ചർച്ചയിലൂടെ സാധിച്ചു. നോർവേ സന്ദർശനത്തിൽ നൊബേൽ പീസ് സെന്റർ എക്‌സിക്യൂട്ടീവുമായുള്ള കൂടിക്കാഴ്ച എടുത്തുപറയേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പഠന- ഗവേഷണ മേഖലകളിലെ സഹകരണം, കേരളത്തിലുള്ളവർക്ക് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തൽ, സംസ്ഥാനത്തേയ്ക്ക് നിക്ഷേപകരെ ആകർഷിക്കൽ തുടങ്ങി വിവിധ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു വിദേശ യാത്ര. ഇവയിലെല്ലാം പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങൽ ഉണ്ടാക്കാനായി.

നാളെയുടെ പദാർത്ഥമെന്ന് വിശേഷിപ്പിക്കുന്ന ഗ്രാഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾക്ക് രൂപം നൽകി. ഫിൻലൻഡ്, നോർവെ, യു.കെ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ വിദ്യാഭ്യാസ ഹബ്ബായി മാറ്റുന്നതിനും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും പ്രവാസി സമൂഹത്തിന്റെ സഹകരണം അഭ്യർഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മൂന്ന് വർഷം യു.കെയിൽ 42000 നഴ്‌സുമാരുടെ ഒഴിവ് വരും. ആരോഗ്യമേഖലയിൽ യു.കെയിലേക്കുള്ള കുടിയേറ്റം എളുപ്പമാക്കുന്നതിനുള്ള ചർച്ചകൾ ഗുണകരമായതായും മുഖ്യമന്ത്രി അറിയിച്ചു.

Back to top button
error: