തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്; ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിമാനത്താവള കൈമാറ്റവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്ത ശേഷം പിന്നീട് കൈമാറ്റത്തെ ചോദ്യംചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, വിമാനത്താവള ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി ആവശ്യമെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും നല്‍കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കിയത് തങ്ങളാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ഇതിനായി ഒരു രൂപപോലും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ചെലവാക്കിയ പണം തങ്ങളുടെ ഓഹരിയായി മാറ്റേണ്ടതായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സി.യു. സിങ്ങും സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയും വാദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനം ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്തശേഷം ഈ വാദത്തിന് പ്രസക്തിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും കേരളം 135 രൂപ ലേലത്തില്‍ വാഗ്ദാനം ചെയ്തപ്പോള്‍ അദാനി ഗ്രൂപ്പ് 168 രൂപയാണ് വാഗ്ദാനം ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വിജയകരമായി നടത്തിയ പരിചയം തങ്ങള്‍ക്കുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചെങ്കിലും അതും കണക്കിലെടുക്കാന്‍ കോടതി തയ്യാറായില്ല.
അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറ്റം ചെയ്ത നടപടി ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി 2020 ഒക്ടോബര്‍ 19 ന് തള്ളിയിരുന്നു. പിന്നീടാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.