കാബുള്‍: വീടുവിട്ടു പോയതിന് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കല്ലെറിഞ്ഞു കൊല്ലാന്‍ തീരുമാനിച്ച യുവതി ആത്മഹത്യ ചെയ്തു. വിവാഹിതനായ കാമുകനൊപ്പമാണ് യുവതി ഒളിച്ചോടിയത്. പിന്നീട് ഇവരെ പിടികൂടിയ താലിബാന്‍ യുവതിയെ കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് യുവതി തൂങ്ങി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതിയുടെ കാമുകനെ വ്യാഴാഴ്ച വധശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു.
സ്ത്രീകള്‍ക്ക് ജയില്‍ സൗകര്യം കുറവായതിനാലാണ് കല്ലെറിഞ്ഞു കൊല്ലാന്‍ തീരുമാനിച്ചതെന്ന് ഗൊര്‍ പ്രവിശ്യയിലെ താലിബാന്‍ പോലീസ് മേധാവി പറഞ്ഞു. വീടുവിട്ട് ഓടിപ്പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇത്തരക്കാരെ കല്ലെറിഞ്ഞു കൊല്ലാനോ പൊതുസ്ഥലത്ത് ചാട്ടവാര്‍ കൊണ്ട് അടിക്കാനോ ആണ് തീരുമാനമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സ്ത്രീകള്‍ക്കുമേല്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നത് താലിബാന്‍ തുടരുന്നതിനിടെയാണ് പുതിയ സംഭവം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചത്. ഇതോടെ സ്ത്രീകള്‍ക്ക് പലയിടത്തും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. ആറാം ക്ലാസിന് മുകളിലേക്ക് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാനാകില്ല. ജോലി സ്ഥലങ്ങളില്‍ നിന്ന് ഒഴിവാക്കി.