KeralaNEWS

ദയാബായിയുടെ നിരാഹാര സമരം അവസാനിച്ചേക്കും, കാസർകോട്ടെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹാരിക്കുമെന്ന് മന്ത്രിമാർ

    എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി തേടിയും കാസർകോട് ജില്ലയിലെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ടും സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാര സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മന്ത്രിമാരായ വീണാ ജോർജും ആര്‍ ബിന്ദുവും സമര സമിതി നേതാക്കളുമായും ദയാബായിയുമായും ചർച്ച നടത്തി.

സമര സമിതി നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം ആശുപത്രിയിലെത്തി ദയാബായിയെ സന്ദർശിച്ച മന്ത്രിമാർ നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടു. എന്നാൽ രേഖാമൂലമുള്ള ഉറപ്പ് വേണമെന്നാണ് ദയാബായിയുടെ ആവശ്യം.

Signature-ad

ദയാബായി ഉന്നയിച്ച 90 ശതമാനം പ്രശ്നങ്ങളും അംഗീകരിച്ചുവെന്ന് മന്ത്രിമാർ സമര സമിതി നേതാക്കളുമായും ദയാബായിയുമായി നടത്തിയ ചർചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് കാസർകോട് മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിനായി സർക്കാർ നേരത്തെ തീരുമാനം എടുത്തതാണെന്നും അതിനായി സ്ഥലം ഏറ്റെടുക്കുന്നത് ഉൾപെടെയുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി.

കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി തുറന്ന് പ്രവർത്തിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ നടപടിയുണ്ടാവുമെന്നാണ് മന്ത്രിമാർ അറിയിച്ചിരിക്കുന്നത്. 81കാരിയായ ദയാബായി നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ഈമാസം രണ്ടിനാണ് അവര്‍ സമരമാരംഭിച്ചത്. ആരോഗ്യ സ്ഥിതി വഷളായതോടെ രണ്ട് തവണ ദയാബായിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, അവര്‍ വീണ്ടും സമരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Back to top button
error: