CrimeNEWS

ഇലന്തൂർ ഇരട്ടനരബലി: ഷാഫിയെ ഇന്ന് കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും

കൊച്ചി: ഇലന്തൂർ ഇരട്ടനരബലി കേസിൽ പ്രതികളുമായുള്ള അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചാകും തെളിവെടുപ്പ് നടത്തുക. കൊലപാതകത്തിന് ശേഷം ഇയാൾ റോസിലിന്‍റെയും പത്മയുടെയും സ്വർണ്ണാഭരങ്ങൾ പണയം വെച്ച സ്ഥാപനമാണിത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഭഗവൽ സിംഗ് ഇലന്തൂരിലെ കടയിൽ നിന്ന് വാങ്ങി എന്നാണ് മൊഴി. ഈ കടയിലും ഇന്ന് ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

കേസിൽ നി‍ർണായക വിവരങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. നരബലിയ്ക്കുശേഷം മനുഷ്യമാംസം അറുത്ത് ഫ്രി‍‍‍‍ഡ്ജിൽ സൂക്ഷിച്ചത് വിൽക്കാനായിരുന്നെന്ന് ഭഗവൽ സിംഗും ലൈലയും മൊഴി നൽകി. മനുഷ്യമാംസം വിറ്റാൽ ലക്ഷങ്ങൾ കിട്ടുമെന്ന് താൻ ഇരുവരേയും പറഞ്ഞ് കബളിപ്പിച്ചതായി  ഷാഫിയും പൊലീസിനോട് പറഞ്ഞു. കടംവാങ്ങിയ പണം ഭഗവൽ സിംഗ് തിരിച്ചുചോദിച്ചപ്പോൾ ഇവരെ ബ്ലാക് മെയിൽചെയ്യാൻ കൂടിയാണ് നരബലി ആസൂത്രണം ചെയ്തതെന്നാണ് ഷാഫിയുടെ മൊഴി.

Signature-ad

നരബലി നടത്തിയശേഷം റോസ്ലിന്‍റെും പദ്മയുടെയും ശരീരഭാഗങ്ങൾ അറവുശാലയിലേതുപോലെ അറുത്തുമാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്തിനെന്ന പൊലീസിന്‍റെ ചോദ്യത്തിനാണ് പ്രതികളുടെ മറുപടി. നരബലി നടത്തിയാൽ സാമ്പത്തികാഭിവൃദ്ധിയുണ്ടാകുമെന്നാണ് ഷാഫി പറഞ്ഞു വിശ്വസിപ്പിച്ചത്. മനുഷ്യമാസം കഴിക്കുന്നവരുണ്ട്.  ഇതുവെച്ച് പൂജ നടത്തുന്ന സിദ്ധൻമാരുമുണ്ട്. മനുഷ്യക്കുരുതി നടത്തിയശേഷം ഈ മാസം അറുത്തുവിറ്റാൽ ഇരുപത് ലക്ഷം രൂപവരെ കിട്ടുമെന്നായിരുന്നു ഷാഫി പറഞ്ഞത്. ബംഗലൂരുവിൽ ഇതിന് പ്രത്യേകം ആളുകളുണ്ട്. നരബലിക്ക് തൊട്ടടടുത്ത ദിവസം ഇവർ വന്ന് മാംസം വാങ്ങുക്കൊണ്ടുപോകുമെന്നും പറഞ്ഞു.

റോസ്ലിനെ കൊലപ്പെടുത്തിയശേഷം മാംസം മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഹൃദയവും കരളും വൃക്കയും സിപ് ബാഗിലാക്കിയാണ് വെച്ചത്. ഇതിന് കൂടുതൽ പൈസ കിട്ടുമെന്നായിരുന്നു പറഞ്ഞത്. ഇടപാടുകാർ തൊട്ടടുത്ത ദിവസം രാവിലെ വരുമെന്നും പറഞ്ഞു. എന്നാൽ ആരും വന്നില്ല. റോസ് ലിനെ കൊന്ന രീതിയും സമയവും ശരിയായില്ലെന്നും അതുകൊണ്ടുതന്നെ ഈ മാംസം ആവശ്യമുളള സിദ്ധൻ വേണ്ടെന്നു പറഞ്ഞെന്നുമാണ് ഷാഫി ഇവരെ പറഞ്ഞുവിശ്വപ്പിച്ചത്.

തൊട്ടുപിന്നാലെ ശരീരഭാഗങ്ങൾ മറവുചെയ്തു. ആദ്യ നരബലിയ്ക്കുശേഷവും സാമ്പത്തികാഭിവൃദ്ധി ഉണ്ടായില്ലെന്നും താൻ കടം വാങ്ങിയ ആറു ലക്ഷത്തോളം രൂപ തിരികെ വേണമെന്ന് ഭഗവൽ സിംഗ് ശല്യപ്പെടുത്തിത്തുടങ്ങിയതോടെയാണ്  രണ്ടാമത്തെ കൊലപാതകത്തിനായി പദ്മയെ കണ്ടെത്തിയതെന്നുമാണ്  ഷാഫി പൊലീസിനോട് പറഞ്ഞത്. മനുഷ്യമാസം വിറ്റ് വലിയ പൈസയുണ്ടാക്കാമെന്നും ഇത്തവണയും പറഞ്ഞുവിശ്വസിപ്പിച്ചു. എന്നാൽ രണ്ടാമത്തെ കൊലപാതകത്തിൽ തനിക്ക് പിഴച്ചുപോയി. ഭഗവൽ സിംഗിനേയും ലൈലയേയും കൂടി കൊലപാതകത്തിൽ പങ്കാളികളാക്കിയാൽ  കടം വാങ്ങിയ ആറു ലക്ഷം കൊടുക്കേണ്ടെന്നു മാത്രമല്ല ബ്ലാക് മെയിൽ ചെയ്ത കൂടുതൽ പണം തട്ടിയെടുക്കാമെന്ന് കണക്കുകൂട്ടിയെന്നുമാണ് ഷാഫി ആവർത്തിക്കുന്നത്.

Back to top button
error: