Breaking NewsNEWS

ആശുപത്രിക്കെട്ടിടത്തിനു മുകളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ പാക് സൈന്യം തട്ടിക്കൊണ്ടു പോയവരുടെതോ?

ഇസ്ലാമാബാദ്: പഞ്ചാബ് പ്രവിശ്യയില്‍ ആശുപത്രിക്കെട്ടിടത്തിനു മുകളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ പാക് സൈന്യവും രഹസ്യാനേഷണ ഏജന്‍സികളും തട്ടിക്കൊണ്ടു പോയവരുടേതാകാമെന്നു റിപ്പോര്‍ട്ട്. അഴുകിയ 400 ഓളം മൃതദേഹങ്ങള്‍ മുള്‍ട്ടാനിലെ പഞ്ചാബ് നിഷ്താര്‍ ആശുപത്രിയുടെ മുകളില്‍നിന്ന് ശനിയാഴ്ചയാണ് കണ്ടെത്തിയത്. മൃതദേഹങ്ങളുടെ നെഞ്ച് വെട്ടിക്കീറിയ നിലയിലും ആന്തരികാവയവങ്ങള്‍ നീക്കിയ നിലയിലുമായിരുന്നു.

മൃതദേഹം പരിശോധിച്ചപ്പോള്‍ മലകളിലോ അതുപോലുള്ള ദുര്‍ഘടമേഖലയിലോ ജീവിച്ചവരാണെന്നു വ്യക്തമാണെന്നു ഡോക്ടര്‍മാരിലൊരാള്‍ പറഞ്ഞു. അതേസമയം, ആശുപത്രി അധികൃതര്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ തയാറാകുന്നില്ലെന്നും വിഷയം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമമെന്നും ആരോപണമുണ്ട്.

ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യകളില്‍നിന്ന് പാക്ക് സേന തട്ടിക്കൊണ്ടുപോയവരുടെ മൃതദേഹങ്ങളാണ് ഇവയെന്നാണ് കരുതുന്നത്. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ ചൗധരി സമാന്‍ ഗുജ്ജറാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആശുപത്രി സന്ദര്‍ശനത്തിനിടെ ‘നിങ്ങള്‍ക്ക് നല്ലതുചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ മോര്‍ച്ചറിയില്‍ ചെന്നു പരിശോധിക്കു’ എന്ന് ഒരാള്‍ വന്നു പറഞ്ഞുവെന്നും അതനുസരിച്ച് ചെന്നപ്പോള്‍ ജീവനക്കാര്‍ മോര്‍ച്ചറി തുറക്കാന്‍ തയാറായില്ലെന്നും ഗുജ്ജര്‍ അറിയിച്ചു. ഇപ്പോള്‍ തുറന്നില്ലെങ്കില്‍ കേസെടുക്കുമെന്നു പറഞ്ഞപ്പോഴാണ് അവര്‍ വാതില്‍ തുറന്നത്, ഗുജ്ജര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്രയധികം മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇവ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്ന മറുപടിയാണ് ഡോക്ടര്‍മാര്‍ നല്‍കിയത്.

അതേസമയം, സംഭവത്തില്‍ രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ബലൂച് വിഘടനവാദ നേതാക്കള്‍ ആവശ്യപ്പെട്ടു. ഡി.എന്‍.എ പരിശോധന നടത്തണമെന്നും ഇവര്‍ വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സംഘടനയായ യു.എന്‍.എച്ച്.ആര്‍.സിയില്‍ പലവട്ടം ബലൂചുകളും പഷ്തൂണുകളും കാണാതാകുന്നതിനെക്കുറിച്ച് ഉന്നയിച്ചിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.

Back to top button
error: