BusinessTRENDING

അമുൽ വീണ്ടും പാൽ വില കൂട്ടി

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ പാലിന്റെ വില വ‍ര്‍ധിപ്പിച്ചു. ഫുൾ ക്രീം പാലിന്റെ വില രണ്ട് രൂപ ഉയർത്തി. ഒപ്പം എരുമപ്പാലിന്റെയും വില ലിറ്ററിന് 2 രൂപ വർദ്ധിപ്പിച്ചു. ഗുജറാത്ത് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വിലവർധന ബാധകമാകുമെന്ന് ജിസിഎംഎംഎഫ് അറിയിച്ചിട്ടുണ്ട്. ഉത്സവ സീസണിൽ പാലിന്റെയും ക്രീമിന്റെയും വില വർധിപ്പിച്ചത് അമുലിനെതിരെ വിമർശനത്തിന് വഴി വെച്ചിട്ടുണ്ട്. അമുൽ എന്ന പേരിൽ പാലും പാലുത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത്  ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ ആണ്.

വില വർധിപ്പിച്ചതോടെ ഫുൾ ക്രീം പാലിന്റെ വില ഇപ്പോൾ ലിറ്ററിന് 61 രൂപയിൽ നിന്ന് 63 രൂപയായി ഉയർന്നു. പുതുക്കിയ വില എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിട്ടില്ല. അമുലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റിൽ അമുൽ പാലിന്റെ വില വർധിപ്പിച്ചിരുന്നു. ലിറ്ററിന് 2 രൂപയാണ് അന്ന് വർദ്ധിപ്പിച്ചത്. അമുലിന്റെ ഗോൾഡ്, ശക്തി, താസ പാൽ ബ്രാൻഡുകളുടെ മൊത്തത്തിലുള്ള പ്രവർത്തനച്ചെലവും പാലുൽപാദന ചെലവും വർദ്ധിച്ചതിനാൽ ആണ് വില വർദ്ധനവ് എന്നാണ് അമുൽ വ്യക്തമാക്കിയിരുന്നത്.

Signature-ad

അതേസമയം, ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ എന്ന സഹകരണ സ്ഥാപനത്തെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എംഎസ്സിഎസ്) രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ അറിയിച്ചിരുന്നു. നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ 70-ാമത് പ്ലീനറി സമ്മേളനത്തിലാണ് ലയന പദ്ധതി അമിത് ഷാ അറിയിച്ചത്. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞരുന്നു.

ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധനയാണ് മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരണം വഴി ലക്ഷ്യമിടുന്നത്. ആഭ്യന്തര വിപണിയിൽ മാത്രമല്ല, അയൽരാജ്യങ്ങളുടെയും പാൽ ലഭ്യത ഉറപ്പാക്കും.രാജ്യത്തെ പാൽ ഉത്പാദനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കും. ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പാൽ എത്തിക്കാൻ പദ്ധതിയുണ്ടെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.

Back to top button
error: