അതുമെത്തി, ‘ഇഡ്ഡലി എടിഎം’; ചൂടോടെ ഇടലിയും ചട്നിയും കഴിക്കാം, 24 മണിക്കൂറും !
ബെംഗളൂരു: ഇഡ്ഡലി എന്നത് ദക്ഷിണേന്ത്യയിൽ പ്രഭാത ഭക്ഷണങ്ങളിലെ പ്രിയപ്പെട്ട വിഭവമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണം കൂടിയാണ് ഇഡ്ഡലി. പഞ്ഞി പോലെയുള്ള ഇഡ്ഡലി ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയുമില്ല. ഇഡ്ഡലിയോടൊപ്പം ചമന്തി കൂടി ഉണ്ടെങ്കിലോ… പിന്നെ വെറെയൊന്നും വേണ്ട. അത്തരം ഇഡ്ഡലി പ്രേമികൾക്കുള്ള ഒരു സന്തോഷവാർത്തയാണിത്.
24 മണിക്കൂറും ഇഡ്ഡലിയും ചട്‌നിയും ലഭ്യമാകുന്ന ഇഡ്ഡലി വെൻഡിങ് മെഷീനാണ് ഇവിടെ ഭക്ഷണപ്രേമികളെ ഞെട്ടിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ ആണ് ഈ പുതിയ സാങ്കേതിക സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇഡ്ഡലി വെൻഡിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിൻറെ വീഡിയോ ട്വിറ്ററിലൂടെ ആണ് വൈറലായിരിക്കുന്നത്.
Idli ATM in Bangalore… pic.twitter.com/NvI7GuZP6Y
— B Padmanaban ([email protected]) (@padhucfp) October 13, 2022
ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറൻറാണ് ഈ ഇഡ്ഡലി വെൻഡിങ് മെഷീൻ അവതരിപ്പിച്ചിരിക്കുന്നത്. ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവയെല്ലാം മെനുവിൽ ഉൾപ്പെട്ടിരിക്കുന്നു. വെൻഡിങ് മെഷീനിലെ ആപ്ലിക്കേഷൻ കോഡ് സ്‌കാൻ ചെയ്താൽ ഓൺലൈനായി പേയ്‌മെൻറ് ചെയ്ത് ഫുഡ് ഓർഡർ ചെയ്യാം. ഓർഡർ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ സംഭവം നമ്മുടെ കയ്യിൽ എത്തും. ഒരു യുവതി ഇത്തരത്തിൽ ഇഡ്ഡലി ഓർഡർ ചെയ്ത് കഴിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
‘ബെംഗളൂരുവിലെ ഇഡ്ഡലി എടിഎം’ എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ കമൻറുകളുമായി രംഗത്തെത്തുകയും ചെയ്തു. നിരവധി പേർ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുമുണ്ട്. പൊതു ഇടങ്ങളിൽ ഈ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ഒരാളുടെ കമൻറ്. ഇത് വീട്ടിൽ വാങ്ങി വച്ചാൽ പണി കുറഞ്ഞു കിട്ടുമെന്നും ചില വീട്ടമ്മമാർ പറയുന്നു. അപ്പോഴേയ്ക്കും ഇഡ്ഡലിയുടെ രുചിയെ കുറിച്ചും ഗുണമേന്മയെക്കുറിച്ചുമൊക്കെ ചിലർ ആശങ്ക അറിയിക്കുകയും ചെയ്തു.