LocalNEWS

ബലാത്സംഗവീരന് കർത്താവ് തുണ, പരാതിക്കാരിക്ക് ദൈവശിക്ഷ, പീഡന കേസ് സാക്ഷിക്ക് എൽദോസ് കുന്നപ്പിള്ളിയുടെ ഭീഷണി സന്ദേശം; പാർട്ടിയിൽ നിന്ന് സസ്പെൻഡ്  ചെയ്തേക്കും

    ബലാത്സംഗത്തിന് പൊലീസ് കേസെടുത്തതിന് പിന്നാലെ, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ഒളിവിലിരുന്ന് പരാതിക്കാരിയുടെ സുഹൃത്തിന് വാട്ട്‌സ് ആപ്പിൽ ഭീഷണി സന്ദേശം അയച്ചു.

പണത്തിനോടുള്ള കൊതി തീരുന്ന സമയത്ത് സ്വയം ചിന്തിക്കണം. തക്കതായ മറുപടി ദൈവം നല്‍കുമെന്ന് എല്‍ദോസ് സന്ദേശത്തില്‍ പറയുന്നു.

കേസിലെ പ്രധാന സാക്ഷിക്ക് ഇന്ന് പുലര്‍ച്ചെ 2. 30 നാണ് എല്‍ദോസ് സന്ദേശമയച്ചത്. ‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നല്‍കും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവ് എന്നോടൊപ്പം ഉണ്ടാകും’
ഇങ്ങനെയാണ് വാട്ട്‌സ് ആപ്പ് സന്ദേശം അവസാനിക്കുന്നത്.

എല്‍ദോസ് കുന്നപ്പിള്ളി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേസിലെ സാക്ഷിക്ക് വാട്‌സ് ആപ്പ് വഴി ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. പരാതിക്കാരിയായ അധ്യാപികയെ കാണാനില്ലെന്ന് വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത് ഈ സാക്ഷിയാണ്. കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

പൊലീസ് കേസെടുത്തതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളി ഒളിവിലാണ്. എംഎല്‍എയുടെ പൊതു പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എല്‍ദോസ് കുന്നപ്പിള്ളിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു

ഇതിനിടെ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കു മുന്നറിയിപ്പുമായി കെപിസിസി. പീഡനക്കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ 20നകം വിശദീകരണം നല്‍കണമെന്ന് കെപിസിസി അറിയിച്ചു. പൊതുപ്രവര്‍ത്തകന്റെ പേരില്‍ കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതര ആരോപണമാണ് ഉണ്ടായത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്നും കെപിസിസി വ്യക്തമാക്കി.

എൽദോസുമായി പല തരത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പറഞ്ഞു. വിശദീകരണം തേടി ഇമെയിലിൽ കെപിസിസി അയച്ച കത്തിനു പോലും എൽദോസ് മറുപടി നൽകിയിട്ടില്ല. മറുപടിക്കായി അനന്തമായി കാത്തുനിൽക്കില്ലെന്നും നടപടിയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

എൽദോസിനെ സസ്പെൻഡ് ചെയ്യുന്ന കാര്യം കെപിസിസി ആലോചിക്കുന്നുണ്ട്. പാർലമെന്ററി പാർട്ടിയിൽ നിന്നുള്ള പ്രതിനിധി എന്ന നിലയിൽ കെപിസിസി അംഗമായ എൽദോസ് പാർട്ടിയിൽ ചുമതലകൾ ഒന്നും വഹിക്കുന്നില്ലെങ്കിലും പാർട്ടി അംഗത്വത്തിൽ നിന്നുതന്നെ സസ്പെൻഡ് ചെയ്യുന്ന കാര്യമാണ് ആലോചിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: