സ്വന്തം മാതാവിനെ രാത്രി അസമയത്ത് തെരുവില്‍ ഉപേക്ഷിച്ച ശേഷം വഴിയില്‍ അജ്ഞാതയെ കണ്ടെത്തി എന്ന് പോലീസിനെ അറിയിച്ചു. വൃദ്ധയെ കണ്ടെത്തി അഗതി മന്ദിരത്തിലാക്കിയ പൊലീസിന് മകൻ നടത്തിയ ആള്‍മാറാട്ടം ബോധ്യപ്പെട്ടു. ഒടുവിൽ ആര്‍.ഡി.ഒ മെയിന്റനന്‍സ് ട്രിബ്യൂണല്‍ മകന് 5000 രൂപ പിഴ ശിക്ഷ വിധിച്ചു. തിരുവനന്തപുരം വട്ടപ്പാറ കല്ലയം കാരമൂട് അനിതാ വിലാസത്തില്‍ അജികുമാര്‍, ഭാര്യ ലീന എന്നിവര്‍ക്കെതിരെയാണ് ഉത്തരവ്.
കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശിക്ഷാവിധി ഉണ്ടാകുന്നത്. അമ്മയെ ഏറ്റെടുത്ത് സുരക്ഷിത താമസം, ആഹാരം, വസ്ത്രം, മരുന്ന്, വൈദ്യസഹായം എന്നിവ യഥാവിധി മകന്‍ നല്‍കുന്നുണ്ടെന്നും മകന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും വിധത്തില്‍ ഇതിന് വിരുദ്ധമായി പ്രവൃത്തി ഉണ്ടായാല്‍ അടൂര്‍ എസ്.എച്ച്.ഓ നിയമ നടപടി സ്വീകരിച്ച് മെയിന്റനന്‍സ് ട്രിബ്യൂണല്‍ മുമ്പാകെ റിപ്പോര്‍ട്ട് നല്‍കേണ്ടതാണെന്നുമാണ് വിധി.
പ്രതി അജികുമാര്‍ പിഴതുക ട്രഷറിയില്‍ അടച്ച് രസീത് ട്രിബ്യൂണലില്‍ സമര്‍പ്പിക്കണം. അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല നല്‍കിയ പരാതിയിലാണ് ഉത്തരവ്. വൃദ്ധമാതാവിനെ പോലീസ് കൊണ്ടാക്കിയത് മഹാത്മ ജനസേവനകേന്ദ്രത്തിലാണ്.