IndiaNEWS

ഹിജാബ് നിരോധനത്തിൽ സുപ്രീം കോടതിയിൽ ഭിന്നവിധി, അന്തിമ വിധി വരുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്

സുപ്രീം കോടതി ഹിജാബ് നിരോധനത്തിൽ ഭിന്നവിധിയാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ കേസിലെ തീർപ്പ് ഇനിയും നീളും. ഡിവിഷൻ ബഞ്ചിലെ ജഡ്ജിമാരിൽ ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിരോധനം ശരിവെച്ചപ്പോൾ ഹിജാബ് നിരോധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്നതായി ജസ്റ്റിസ് സുധാൻഷു ധൂലിയ വിധിച്ചു. ഒടുവിൽ ഭിന്നവിധിയായതിനാൽ കേസ് ഇനി ഏത് ബഞ്ച് കേൾക്കണം എന്ന കാര്യം തീരുമാനിക്കാൻ ചീഫ് ജസ്റ്റിന്റെ പരിഗണനയ്ക്ക് റഫർ ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹർജികളാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്നത്.

ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ദുഷ്യന്ത് ദവെ, ഹുഫേസ അഹമദി, സഞ്ജയ് ഹെഡ്ഡെ, രാജീവ് ധവാൻ, ദേവദത്ത് കാമത്ത്, സൽമാൻ ഖുർഷിദ്, പ്രശാന്ത് ഭൂഷൺ, ഹാരിസ് ബീരാൻ, സുൽഫിക്കർ അലി തുടങ്ങിയവർ ഹാജരായി. കർണാടക സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ്, അഡ്വക്കേറ്റ് ജനറൽ പി കെ നവദഗി എന്നിവർ ഹാജരായി. വാദംകേൾക്കൽ പത്ത് ദിവസം നീണ്ടുനിന്നു.

ഇതിനിടെ കർണാടകയിലെ ഹിജാബ് നിരോധന വിഷയത്തിൽ സുപ്രീം കോടതി ഭിന്ന വിധി പുറപ്പെടുവിച്ചതിന് പിന്നാലെ, അന്തിമ വിധി വരുന്നത് വരെ ഹിജാബ് നിരോധനം തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സുപ്രീംകോടതി വിധി വരുന്നതുവരെ തങ്ങളുടെ ഉത്തരവിൽ ഉറച്ചുനിൽക്കുമെന്ന് പ്രൈമറി, സെക്കൻ്ററി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്‌കൂളുകളിലും കോളജുകളിലും ഹിജാബുകൾ അനുവദിക്കില്ല. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം അനുവദിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്ന യൂണിഫോമിൽ വിദ്യാർഥികൾ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മികച്ച വിധിയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി നാഗേഷ് പറഞ്ഞു. എന്നാൽ ഇപ്പോൾ വിശാല ബെഞ്ചിലേക്കാണ് പോയിരിക്കുന്നത്. കർണാടക വിദ്യാഭ്യാസ നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ആചാരങ്ങൾ അനുവദനീയമല്ല. അതേ അടിസ്ഥാനത്തിൽ ഹിജാബ് ധരിക്കാതെ വിദ്യാർഥികൾ വരണമെന്നും മന്ത്രി വ്യക്തമാക്കി. ഹിജാബ് നിർബന്ധമാക്കരുതെന്ന് ലോകമെമ്പാടും സ്ത്രീകൾ ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകൾ പ്രതിഷേധത്തിലാണ്. അതിനാൽ കർണാടകയിൽ ഹിജാബ് നിരോധനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: