തിരുവനന്തപുരം: കഴക്കൂട്ടം ആക്കുളം കായലില്‍ ചാടിയ 16കാരിയായ പെൺകുട്ടിയെ നാട്ടുകാരും ബോട്ട് ഡ്രൈവർ എ. സുരേഷ് കുമാറും മറ്റും ചേർന്ന് രക്ഷപ്പെടുത്തി. ആക്കുളം പാലത്തില്‍ നിന്നാണ് പെൺകുട്ടി കായലില്‍ ചാടിയത്. ഈ രംഗം നേരിട്ടു കാണാനിടയായ വേളി ബോട്ട് ക്ലബിലെ ജീവനക്കാരും വിനോദ സഞ്ചാര ബോട്ട് ഡ്രൈവര്‍ എ. സുരേഷ് കുമാറും അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. കരയ്ക്കെത്തിച്ച പെൺകുട്ടി രണ്ടാമതും കായലിലേക്ക് എടുത്ത് ചാടി. തുടര്‍ന്ന് രണ്ടാമതും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
കഴക്കൂട്ടം സ്വദേശിയായ പെണ്‍കുട്ടിയാണ് വൈകിട്ട് 5 മണിയോടെ ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയത്. ഈ സമയത്ത് വേളി ടൂറിസ്റ്റ് വില്ലേജില്‍ നിന്നുള്ള സഞ്ചാരികളുമായി വന്ന ബോട്ട് പാലത്തിന് സമീപത്തുണ്ടായിരുന്നു.
ബോട്ട് ഡ്രൈവറായ എ. സുരേഷ് കുമാര്‍ ടൂബും കയറും എറിഞ്ഞ് കൊടുത്തെങ്കിലും അതില്‍ പിടിച്ച് കയറാന്‍ പെൺകുട്ടി തയ്യാറായില്ല. മാത്രമല്ല, ആഴമുള്ള ഭാഗത്തേക്ക് നീങ്ങുകയും ചെയ്തു. ഇതോടെ സുരേഷ് കുമാർ കായലില്‍ ചാടി നീന്തിച്ചെന്ന് പെൺകുട്ടിയെ ബോട്ടിലേക്ക് ബലമായി പിടിച്ച് കയറ്റി കരയ്ക്കെത്തിച്ചു.
എന്നാല്‍ വീണ്ടും കുട്ടി വെള്ളത്തിലേക്ക് ചാടിയതോടെ ബോട്ടിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ബലമായി പിടിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.
ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.