മാറിടം അറുത്തുമാറ്റി, രക്തം വാര്‍ന്ന ശേഷം കത്തി കുത്തിയിറക്കി; ഇലന്തൂരിലേത് രക്തംമരവിപ്പിക്കുന്ന ക്രൂരത
കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലിയില്‍ ഇരകള്‍ക്കെതിരേ നടന്ന കൊടുംപീഡനം രക്തം മരവിപ്പിക്കുന്നതെന്നു എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍. പണം മാത്രമായിരുന്നില്ല കൊലപാതകം നടത്തിയതിനു പ്രേരണ. പണം നല്‍കാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ കൂട്ടിക്കൊണ്ടു പോയത്. അന്നു രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതായും പോലീസ് പറയുന്നു.
സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പറവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ സ്ത്രീകള്‍ ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായും കമ്മിഷണര്‍ പറഞ്ഞു.
കൊല്ലപ്പെട്ട പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മത്തിന് പത്തു ലക്ഷം രൂപ നല്‍കാമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനമെന്ന് അന്വേഷണ സംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥന് പറഞ്ഞു. പ്രലോഭിപ്പിച്ച് ഇലന്തൂരിലെ പ്രതികളുടെ വീട്ടില്‍ എത്തിച്ച ശേഷം കൈകാലുകള്‍ കെട്ടിയിട്ടു മാറിടം അറുത്തുമാറ്റി രക്തം വാര്‍ന്നുശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നതെന്നും അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥന് പറഞ്ഞു.