CrimeNEWS

ലഹരി ഗുളിക വാങ്ങാന്‍ സുഹൃത്തിന് ഡോക്ടറുടെ വ്യാജ കുറിപ്പടി തയാറാക്കി നല്‍കിയ സ്‌കൂള്‍ വിദ്യാര്‍ഥി പിടിയില്‍

കൊച്ചി: മെഡിക്കല്‍ സ്റ്റോറില്‍നിന്നും ലഹരി പകരുന്ന ഗുളിക വാങ്ങാന്‍ 25 വയസുകാരന് കംപ്യൂട്ടറില്‍ കുറിപ്പടി തയാറാക്കി നല്‍കിയ സ്‌കൂള്‍ വിദ്യാര്‍ഥി പിടിയില്‍. നാര്‍കോട്ടിക് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥി പിടിയിലായത്.

മാനസിക പ്രശ്‌നങ്ങള്‍ക്കും നാഡീസംബന്ധമായ അസുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നു ലഭിക്കണമെങ്കില്‍ ഡോക്ടറുടെ കുറിപ്പടി വേണം. ഈ പ്രശ്‌നം മറികടക്കാനാണ് കൃത്രിമമായി കുറിപ്പടി തയാറാക്കിയത്.

Signature-ad

ഒറിജിനലിനെ വെല്ലുന്ന കുറിപ്പടിയുമായി ലഹരി വാങ്ങിയ ആളെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോഴാണ് നിരന്തരമായി വിദ്യാര്‍ഥി വ്യാജ കുറിപ്പടികളുണ്ടാക്കി നല്‍കിയ വിവരം പുറത്തുവന്നത്. കുറിപ്പടികള്‍ തയാറാക്കി നല്‍കുന്നതിനൊപ്പം ലഹരി ഉപയോഗവും പതിവാക്കിയ എറണാകുളം സ്വദേശിയായ വിദ്യാര്‍ഥിയെയും കേസില്‍ പ്രതി ചേര്‍ത്തു. ലഹരി ഉപയോഗിച്ച് വീട്ടില്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുന്ന മകനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു വിദ്യാര്‍ഥിയുടെ പിതാവും പരാതി നല്‍കി.

നാര്‍കോട്ടിക് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി വ്യാപക പരിശോധനയാണ് പോലീസും എക്‌സൈസും നടത്തുന്നത്. നഗരത്തിലെ ഹോട്ടലുകളും രാത്രി തുറന്നിരിക്കുന്ന കഫേകളിലും നിരന്തരം പരിശോധന നടത്തുന്നുണ്ട്. വാഹന പരിശോധനയും കര്‍ശനമാക്കി. നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം.

Back to top button
error: