എസ്.ഹരീഷിന്റെ ‘മീശ’യ്ക്ക് വയലാര്‍ അവാര്‍ഡ്
തിരുവനന്തപുരം: നാല്‍പത്തിയഞ്ചാമത് വയലാര്‍ അവാര്‍ഡ് എസ്. ഹരീഷിന്. ഏറെ ചര്‍ച്ചയായ ‘മീശ’ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കല ശില്‍പവുമടങ്ങുന്ന പുരസ്‌കാരം വയലാറിന്റെ ചരമ ദിനമായ ഒക്ടോബര്‍ 27 ന് സമ്മാനിക്കും. സാറാ ജോസഫ്, വി.ജെ.ജയിംസ്, വി.രാമന്‍ കുട്ടി എന്നിവരായിരുന്നു പുരസ്‌കാര നിര്‍ണയ സമിതി.
സമകാല മലയാളസാഹിത്യത്തില്‍ എണ്ണം പറഞ്ഞ ചെറുകഥകള്‍ കൊണ്ട് ശ്രദ്ധേയനായ ഹരീഷിന്റെ ആദ്യ നോവലാണ് മീശ. കുട്ടനാടിന്റെ ജീവിതം പറയുന്ന, സവിശേഷമായ ഭാഷയും ആഖ്യാനശൈലിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ രചനയിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ വിവാദമുയര്‍ന്നിരുന്നു.
രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള, അതിസങ്കീര്‍ണമായ ഉള്ളടക്കമുള്ള മീശ വ്യത്യസ്തമായ രചനാ മികവ് പുലര്‍ത്തിയ കൃതിയാണെന്ന് പുരസ്‌കാരസമിതി നിരീക്ഷിച്ചു.
രസവിദ്യയുടെ ചരിത്രം, ആദം, അപ്പന്‍ (കഥാസമാഹാരങ്ങള്‍), ആഗസ്റ്റ് 15 (നോവല്‍), ഗൊഗോളിന്റെ കഥകള്‍ (വിവര്‍ത്തനം) തുടങ്ങിയവയാണ് ഹരീഷിന്റെ മറ്റു കൃതികള്‍. മാവോയിസ്റ്റ് എന്ന കഥയുടെ ചലച്ചിത്രരൂപമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന സിനിമ. ഏദന്‍ എന്ന ചിത്രത്തിന് സഞ്ജു സുരേന്ദ്രനുമായി ചേര്‍ന്നെഴുതിയ തിരക്കഥയ്ക്ക് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ജല്ലിക്കെട്ട്, ചുരുളി, നന്‍പകല്‍നേരത്തു മയക്കം എന്നിവയാണ് മറ്റു തിരക്കഥകള്‍.
കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥ, നോവല്‍ പുരസ്‌കാരങ്ങള്‍, ജെ.സി.ബി പുരസ്‌കാരം, സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.