NEWS

തമിഴ്‌നാട്ടില്‍ റമ്മി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ റമ്മി ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ നിരോധിച്ചു. ഓണ്‍ലൈന്‍ ഗെയിം നിരോധനത്തിനുള്ള ഓര്‍ഡിനന്‍സിനു ഗവര്‍ണര്‍ ആര്‍.എന്‍. രവി അംഗീകാരം നല്‍കി. വരുന്ന 17നു ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതു നിയമമായി മാറിയേക്കും.

ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് കടുത്ത സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യകള്‍ വര്‍ധിച്ചതോടെ ഇത്തരം ഗെയിമുകള്‍ നിരോധിക്കാനാവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് തയാറാക്കാനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിരുന്നു.

ഐഐടി ടെക്നോളജിസ്റ്റ് ഡോ.ശങ്കരരാമന്‍, സൈക്കോളജിസ്റ്റ് ഡോ.ലക്ഷ്മി വിജയകുമാര്‍, അഡീഷനല്‍ ഡിജിപി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. സമിതി ജൂണ്‍ 27 ന് മുഖ്യമന്ത്രി സ്റ്റാലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് അന്നുതന്നെ മന്ത്രിസഭയുടെ മുന്നിലെത്തി. തുടര്‍ന്ന്, പൊതുജനങ്ങളുടെ അഭിപ്രായം തേടി.

സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഓര്‍ഡിനന്‍സ് തയാറാക്കി. ഓഗസ്റ്റ് 29ന് ചേര്‍ന്ന മന്ത്രിസഭാ യോഗവും ഇത് അംഗീകരിച്ചതോടെയാണു ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്.

Back to top button
error: