രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബം. ഗൗരി ലങ്കേഷിന്റെ മാതാവും സഹോദരിയുമാണ് യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടക്കാനെത്തിയത്. ഗൗരി ലങ്കേഷ് ഇന്ത്യയുടെ യഥാർത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്നുവെന്ന് യാത്രക്ക് ശേഷം രാഹുൽ ഗാന്ധി പറഞ്ഞു. ‘അവരുടെ ആശയങ്ങൾക്കൊപ്പമാണ് താൻ നിലകൊളളുന്നത്. ലങ്കേഷിനെപ്പോലുള്ളവരുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്ര. ആ ശബ്ദം ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്നും’ രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ഗൗരി സത്യത്തിനുവേണ്ടി നിലകൊണ്ടു, ഗൗരി സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടു. ഇന്ത്യയുടെ യഥാർത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗൗരി ലങ്കേഷിനും അവരെപ്പോലുള്ള എണ്ണമറ്റ മറ്റുള്ളവർക്കും വേണ്ടി ഞാൻ നിലകൊള്ളുന്നു. അവരുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്ര. അത് ഒരിക്കലും നിശബ്ദമാക്കാൻ കഴിയില്ല.’ എന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഗൗരി ലങ്കേഷിന്റെ അമ്മയുടെ കൈ പിടിച്ച് രാഹുൽ ഗാന്ധി നടക്കുന്ന ചിത്രവും അമ്മയെ ആശ്ലേഷിക്കുന്ന ചിത്രവും കോൺഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.