കാസർകോട് ജില്ലയിലെ ചീമേനി കൂളിയാട് നിന്ന് മൂന്നുവർഷം മുമ്പ് കാണാതായ ആളെ മഹാരാഷട്രയിൽ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടും തുമ്പു ലഭിക്കാതിരുന്ന ചീമേനി സ്വദേശി ഉസ്മാനെ (48) യാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. മുംബൈയിലെ കിര്‍ലോസ്‌കര്‍ കംപനിയുടെ ഉപസ്ഥാപനമായ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മിക്കുന്ന സ്ഥാപനത്തിൽ ക്ലീനിങ് ജോലിക്കാരനായി കഴിഞ്ഞിരുന്ന ഉസ്മാനെ വളരെ നാടകീയമായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
2019ലാണ് ഉസ്മാൻ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനായത്. ചീമേനിയില്‍ ഹോട്ടല്‍ നടത്തി വന്നിരുന്ന ഉസ്മാന്‍ കടബാധ്യതയെ തുടര്‍ന്നാണ് നാട് വിട്ടുപോയത്. എന്നാല്‍ ഉസ്മാനെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന സംശയത്തില്‍ ബന്ധുക്കള്‍ നിരന്തരം പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് ആലക്കല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മഹാരാഷ്ട്രയിലെ കോലാപൂര്‍ ശിവാജിനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് ഉസ്മാനെ കണ്ടെത്തിയത്. രണ്ടു വർഷം മുമ്പ് മകളുടെ വിവാഹം നടന്നെങ്കിലും ഉസ്മാന്‍ എത്തിയിരുന്നില്ല. ഉസ്മാനെ കണ്ടെത്തുന്ന കാര്യത്തില്‍ ചീമേനി പൊലീസ് കയ്യൊഴിഞ്ഞതോടെ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഒരു വെല്ലുവിളിയായി ഏറ്റെടുത്താണ് അന്വേഷണം മുംബൈയിലേക്ക് വരെ നീണ്ടത്.
ജില്ലയില്‍ പഴക്കം ചെന്ന മിസിങ് കേസുകളിലെ വ്യക്തികളെ കണ്ടെത്താനായി ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന രൂപീകരിച്ച ക്രൈംബ്രാഞ്ചിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ചീമേനിയിലെ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ടായ ആശങ്കയ്ക്ക് പരിഹാരം കണ്ടത്.
കോടതിയിൽ ഹാജരാക്കിയ ഉസ്മാനെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു.