കണ്ണൂര്‍: എല്ലാ യാത്രക്കാരും കയറും വരെ വിദ്യാര്‍ഥികളെ മഴയത്ത് കാത്തുനിര്‍ത്തിയ ബസ് പോലീസ് പൊക്കി. ബുധനാഴ്ച തലശ്ശേരിയില്‍ ബസില്‍ കയറ്റാതെ കുട്ടികളെ മഴയത്ത് നിര്‍ത്തിയതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി എടുത്തിരിക്കുകയാണ്. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ എസ്.ഫ്.ഐയുടെ നേതൃത്വത്തിലും മറ്റും പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറായത്.
9500 രൂപ പിഴ ഈടാക്കിയ ശേഷം മോട്ടോര്‍ വാഹന വകുപ്പ് ബസ് ഇന്ന് വിട്ടയച്ചു. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സംഭവ ദിവസം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിരുതെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് വാഹനം വിട്ടയച്ചതെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് പലയിടത്തും സമാനമായ രീതിയില്‍ തന്നെയാണ് വിദ്യാര്‍ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ പെരുമാറുന്നതെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് നടപടിയുണ്ടാകാറുള്ളതെന്ന് വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച കണ്‍സെഷന്‍ നിരക്കിനേക്കാള്‍ കൂടുതലാണ് പല ബസുകാരും വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നതെന്ന ആരോപണങ്ങളുമുണ്ട്.
എല്ലാ യാത്രക്കാരും കയറി ബസ് എടുക്കുന്നതിന് തൊട്ടുമുമ്പ് മാത്രമേ വിദ്യാര്‍ഥികളെ കയറാന്‍ അനുവദിക്കൂ. ചിലപ്പോള്‍ മുന്നോട്ടെടുത്ത ശേഷം ചാടി കയറണം. കയറിയാല്‍ സീറ്റുണ്ടെങ്കിലും ഇരിക്കാനും അനുവദിക്കില്ല. സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികളോട് കാണിക്കുന്ന ക്രൂരതയും വിവേചനവും നിത്യ സംഭവമാണെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി പേരിന് മാത്രമേ ഉണ്ടാകാറുള്ളൂ.