പാലക്കാട്: മുന്നില്‍പ്പോയ കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമെന്നും താന്‍ ഉറങ്ങിപ്പോയിട്ടില്ലെന്നും വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍. ഇടിച്ചപ്പോള്‍ പെട്ടെന്ന് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും ജോമോന്‍ പോലീസിന് മൊഴി നല്‍കി. അറസ്റ്റിലായ ബസുടമ അരുണ്‍, മാനേജര്‍ ജെസ്വിന്‍ എന്നിവരെയും ജോമോനൊപ്പം വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.
അപകടം നടന്ന സ്ഥലത്ത് യാത്രക്കാരന്‍ ഇറങ്ങാന്‍ ഉണ്ടായിരുന്നതിനാല്‍ ബസ് ബ്രേക്കിട്ടുവെന്നാണ് ജോമോന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആ സ്ഥലത്ത് ആരും ഇറങ്ങാന്‍ ഇല്ലായിരുന്നുവെന്നാണ് അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യാത്രക്കാരന്‍ പറയുന്നത്. ബസിന്റെ പിന്‍ഭാഗത്തുണ്ടായിരുന്ന ഇയാള്‍ ഇറങ്ങേണ്ട സ്ഥലം എത്താറായതോടെ മുന്നോട്ടേക്ക് പോകുകയായിരുന്നു. താന്‍ നില്‍ക്കുകയായിരുന്നുവെന്നും ഉറങ്ങിയിട്ടില്ലാത്തതിനാല്‍ ഓര്‍മയുണ്ടെന്നും യാത്രക്കാരന്‍ വ്യക്തമാക്കി.
അതേസമയം, ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവ് തന്നെയാണ് അപകടകാരണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒരു കാറിനെ ഇടത് വശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചുവെന്നും ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഗതാഗത മന്ത്രിക്കാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ കാറിന്റെ കാര്യം ജോമോന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടില്ല. പുലര്‍ച്ചെ വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ജോമോന്‍ രാത്രി വീണ്ടും ബസ് ഓടിക്കുകയായിരുന്നു.