തിരുവനന്തപുരം:ഗാമ്ബിയയില്‍ 66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കഫ് സിറപ്പും പനിക്കുള്ള മരുന്നും നിര്‍മിച്ച മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയുടെ പല മരുന്നുകളും ഗുണനിലവാരമില്ലാത്തതാണെന്ന് കേരളം 2013-ൽ തന്നെ റിപ്പോർട്ട് നൽകിയിരുന്നു.
തുടർന്ന് 2021ലും കേരളം ഇത് ആവർത്തിച്ചിരുന്നു.എന്നാല്‍ ഒരു തുടര്‍ നടപടിയും ഉണ്ടായില്ല. മാത്രവുമല്ല കേന്ദ്ര സര്‍ക്കാരിന്‍റെ ചില പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഈ കമ്ബനിയുടെ പല മരുന്നുകളും രോഗികളിലേക്ക് യാതൊരു തടസ്സവുമില്ലാതെ എത്തുകയും ചെയ്തിരുന്നു.
മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് പ്രമേഹ ചികില്‍സക്ക് ഉപയോഗിക്കുന്ന മെറ്റോമിന്‍ ഗുളിക (METOMIN TABLETS,METFORMIN TABLET 100MG), മെറ്റ്ഫോര്‍മിന്‍ ഗുളിക (METFORMIN TABLETS IP500MG-METOMIN),ഈസിപ്രിന്‍ (EASIPRIN , GASTRO RESISTANT ASPIRIN,IP TABLETS 75MG),മൈകാള്‍ ഡി ഗുളിക (MAICAL -DTABLETS), മാസിപ്രോ 250 ഗുളിക (MACIPRO 250TABLET) എന്നീ ഗുളികകളുടെ ചില ബാച്ചുകള്‍ക്ക് ഗുണനിലവാരമില്ലന്നും ഇതില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും കണ്ടെത്തി കേരളം 2013-ൽ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടർന്ന് 2021ലും ഈ റിപ്പോട്ടുകള്‍ കേരളം വീണ്ടും കേന്ദ്രത്തിന് നൽകിയിരുന്നു.
ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി, പട്ടാമ്ബി താലൂക്ക് ആശുപത്രി, ചില പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പരിശോധനക്ക് എടുത്ത മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ മരുന്നുകളാണ് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്. ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നെടുത്ത മൈകാള്‍ ഡി ഗുളിക (MAICAL -DTABLETS) ബാച്ച് നമ്ബര്‍ MT 21-067, 2021 മെയ് മാസം നിര്‍മിച്ച് 2023 ഏപ്രില്‍ വരെ കാലാവധി ഉള്ളതാണ്. പട്ടാമ്ബി താലൂക്ക് ആശുപത്രിയില്‍ നിന്ന് എടുത്ത മെറ്റ്ഫോര്‍മിന്‍ ഗുളിക (METFORMIN TABLETS IP500MG-METOMIN) ബാച്ച് നമ്ബര്‍ MT21-284, 2012 സെപ്റ്റംബര്‍ മാസത്തില്‍ നിര്‍മിച്ച ഗുളികയ്ക്ക് 2024 ഓഗസ്റ്റ് മാസം വരെ കാലാവധി ഉണ്ട്.