KeralaNEWS

രാജമലയില്‍ കെണിയില്‍ വീണ കടുവയ്ക്കു തിമിരം; കാട്ടിലേക്ക് തുറന്നുവിടില്ല

മൂന്നാര്‍: ഇടുക്കി രാജമലയില്‍ കെണിയില്‍ കുടുങ്ങിയ കടുവയെ കാട്ടിലേക്ക് തുറന്നുവിടാന്‍ കഴിയുന്ന ആരോഗ്യസ്ഥിതിയിലല്ലെന്ന് വനംവകുപ്പ്. കടുവയുടെ ഇടതുകണ്ണില്‍ തിമിരം ബാധിച്ചിട്ടുണ്ട്. കാഴ്ചപരിമിതി ഉണ്ടായതാകാം വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കാന്‍ കാരണമെന്നാണ് നിഗമനം. കടുവയെ പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റും. വനംവകുപ്പ് നയ്മക്കാട് സ്ഥാപിച്ച കൂട്ടില്‍ ചൊവ്വാഴ്ച രാത്രി എട്ടരയ്ക്കാണ് ആണ്‍ കടുവ കുടുങ്ങിയത്.

ഒന്‍പതു വയസുള്ള കടുവയാണ് പിടിയിലായത്. രണ്ടു കണ്ണിലും കാഴ്ച ഉണ്ടെങ്കില്‍ മാത്രമേ സ്വാഭാവിക രീതിയില്‍ ഇതിന് ഇര തേടാനാകൂ. ജനവാസ മേഖലയിലെത്തി കന്നുകാലികളെ ആക്രമിച്ച സാഹചര്യത്തില്‍ കടുവയ്ക്ക് മനുഷ്യരെ ഭയമില്ലാതായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാട്ടില്‍ വിട്ടാലും ജനവാസമേഖലയിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കടുവയെ മൃഗശാലയിലേക്കോ കടുവാ സംരക്ഷണ കേന്ദ്രത്തിലേക്കോ മാറ്റാനാണ് ആലോചിക്കുന്നത്. കടുവയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വെറ്റിനറി ഡോക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ കടുവയുടെ ആക്രമണത്തില്‍ നയ്മക്കാട്ടെ പത്തു കന്നുകാലികളാണ് ചത്തത്.

Signature-ad

 

Back to top button
error: