NEWSTech

രസതന്ത്രത്തില്‍ ‘ക്ലിക്ക്’ യുഗത്തിന് തുടക്കമിട്ട മൂന്നു ശാസ്ത്രജ്ഞര്‍ക്ക് നൊബേല്‍

സ്റ്റോക്ഹോം: ഇത്തവണത്തെ രസതന്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. അമേരിക്കന്‍ ഗവേഷകരായ കരോലിന്‍ ആര്‍. ബെര്‍റ്റോസി, കെ. ബാരി ഷാര്‍പ്പ്‌ലെസ് എന്നിവരും ഡെന്‍മാര്‍ക്കിലെ മോര്‍ട്ടല്‍ മെല്‍ഡലുമാണ് പുരസ്‌കാരം പങ്കിട്ടത്.

‘ക്ലിക്ക് രസതന്ത്രവും ബയോര്‍ത്തോഗണല്‍ രസതന്ത്രവും വികസിപ്പിച്ചതിനാ’ണ് ഈ മൂന്നു ഗവേഷകര്‍ക്കും രസതന്ത്ര നൊബേല്‍ ലഭിച്ചതെന്ന്, റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു. സമ്മാനത്തുകയായ 7.5 കോടി രൂപ മൂവരും തുല്യമായി വീതിച്ചെടുക്കും. പുതിയ ഔഷധങ്ങള്‍ എളുപ്പത്തില്‍ രൂപപ്പെടുത്താന്‍ വഴിതുറക്കുന്നതാണ് ഇവരുടെ കണ്ടെത്തല്‍.

കാലിഫോര്‍ണിയയില്‍ സ്‌ക്രിപ്പ്‌സ് റിസര്‍ച്ചിലെ ഷാര്‍പ്പ്‌ലെസ്, കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ മെല്‍ഡല്‍ എന്നിവര്‍ ‘ക്ലിക്ക് കെമിസ്ട്രി’ക്ക് അടിത്തറ സൃഷ്ടിച്ചവരാണ്. ബുദ്ധിമുട്ടേറിയ രസതന്ത്ര പ്രക്രിയ എളുപ്പം നിര്‍വഹിക്കാനുള്ള വഴിയാണ് ക്ലിക്ക് കെമിസ്ട്രി വഴി ഇവര്‍ രൂപപ്പെടുത്തിയത്. തന്മാത്രാ നിര്‍മാണശിലകള്‍ അനായാസം ഒന്നായി കൂടിച്ചേരുകയാണ് ക്ലിക്ക് കെമിസ്ട്രിയില്‍ സംഭവിക്കുന്നത്.

അതേസമയം, ക്ലിക്ക് കെമിസ്ട്രിക്ക് പുതിയൊരു മാനം നല്‍കി, ജീവജാലങ്ങളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ വികസിപ്പിക്കുകയാണ് സ്റ്റാന്‍ഫഡിലെ ബെര്‍റ്റോസി ചെയ്തത്.

ഔഷധനിര്‍മാണത്തില്‍, മിക്കപ്പോഴും സ്വാഭാവിക തന്മാത്രകളെ ഔഷധഗുണമുള്ളവയാക്കി പുനഃസൃഷ്ടിക്കേണ്ടിവരാറുണ്ട്. ഇതിന് അവലംബിച്ചിരുന്നത് വളരെ ചെലവേറിയതും സമയമെടുക്കുന്നതുമായ രാസപ്രക്രിയകളാണ്. ആ സ്ഥിതിക്ക് മാറ്റമുണ്ടാക്കി, ‘ക്ലിക്ക്’ ചെയ്യുന്ന വേഗത്തില്‍ നേരിട്ട് ഇത്തരം സങ്കീര്‍ണ രാസപ്രക്രിയകള്‍ സാധ്യമാക്കുകയാണ് ഇത്തവണത്തെ നൊബേല്‍ ജേതാക്കള്‍ ചെയ്തത്.

ഷാര്‍പ്പ്‌ലെസിന് ഇത് രണ്ടാം തവണയാണ് കെമിസ്ട്രി നൊബേല്‍ ലഭിക്കുന്നത്. 2001-ലാണ് ഷാര്‍പ്പ്‌ലെസ്സിന് ആദ്യ നൊബേല്‍ ലഭിച്ചത്.

ഇന്നലെ പ്രഖ്യാപിച്ച ഭൗതികശാസ്ത്രത്തിനുള്ള നൊബേലും മൂന്ന് പേരാണ് പങ്കിട്ടത്. അലൈന്‍ ആസ്പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്ലിംഗര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണം കണക്കിലെടുത്താണ് പുരസ്‌കാരം.

 

Back to top button
error: