NEWSWorld

ഗള്‍ഫിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ജബല്‍അലിയില്‍ ഭക്തര്‍ക്കായി തുറന്നുകൊടുത്തു

ദുബായ്: ഗള്‍ഫിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ‘ഗ്രാന്‍ഡ് ടെംപിള്‍’ ഭക്തര്‍ക്കായി തുറന്നുകൊടുത്തു. യു.എ.ഇ മന്ത്രി ഷേഖ് നഹ്യാന്‍ ബിന്‍ മുബാരക് അല്‍ നഹ്യാനാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ദുബായിലെ ജബല്‍അലിയിലുള്ള ക്ഷേത്രം തനത് ഇന്ത്യന്‍ വാസ്തുശില്‍പ്പ പാരമ്പര്യത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.

വിജയദശമി ദിനം മുതല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ആറര മുതല്‍ രാത്രി എട്ടു വരെ ക്ഷേത്രം തുറക്കും. വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ബുക്ക് ചെയ്തും ദര്‍ശനത്തിന് ക്ഷേത്രം മാനേജ്മെന്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ ശ്രീകോവിലുകള്‍ മാത്രമാണ് തുറക്കുന്നത്. ദിവസവും 1200 ആളുകള്‍ക്ക് ദര്‍ശനത്തിനും പ്രാര്‍ത്ഥനയ്ക്കുമുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്.

സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യന്‍ പള്ളികളുടെയും സമീപമാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 16 മൂര്‍ത്തികള്‍ക്കു പ്രത്യേക കോവിലുകള്‍, സാംസ്‌കാരിക കേന്ദ്രം, വലിയ സ്വീകരണ മുറി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങള്‍ ചേരുന്നതാണ് ജബല്‍ അലിയിലെ പുതിയ ക്ഷേത്രം. യു.എ.ഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 മിനാരങ്ങള്‍ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ആരാധന മൂര്‍ത്തികള്‍ക്ക് ക്ഷേത്രത്തില്‍ ശ്രീകോവിലുകളുണ്ട്. ശിവനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ഗണപതി, കൃഷ്ണന്‍, മഹാലക്ഷ്മി, ഗുരുവായൂരപ്പന്‍, അയ്യപ്പന്‍ എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ടാകും. പ്രാര്‍ത്ഥന മുറികള്‍ക്കു പുറമെ ആത്മീയവും സാംസ്‌കാരികവുമായ ആശയ വിനിമയത്തിനുള്ള രാജ്യാന്തര വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠന മേഖലകള്‍, ഉദ്യാനം, കായിക കേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍, ഗ്രന്ഥശാലകള്‍ തുടങ്ങിയവയുമുണ്ട്.

യു.എ.ഇ സഹിഷ്ണുതാ വര്‍ഷമായി ആചരിച്ച 2019 ഏപ്രില്‍ 20 ന് ശിലാസ്ഥാപനത്തോടെ ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ദുബായിലെ ആദ്യ സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവിയും ജബല്‍ അലിയിലെ ഗ്രാന്‍ഡ് ടെംപിളിനു സ്വന്തം.

 

 

 

 

Back to top button
error: