NEWS

ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് പ്രവർത്തകന് കർണ്ണാടക പോലീസിന്റെ ക്രൂര മർദനം; ടീഷർട്ട് നിർബന്ധിച്ച് അഴിപ്പിച്ചു

ബംഗളൂരു : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകന് കർണ്ണാടക പോലീസിന്റെ ക്രൂര മർദനം.മർദ്ദനത്തിന് ശേഷം പ്രവർത്തകന്റെ ടീഷർട്ട് പോലീസ് നിർബന്ധിച്ച് അഴിപ്പിച്ചു.
 രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ കർണാടകയിൽവച്ച് പേസിഎം (PayCM) എന്നെഴുതിയ ടി-ഷർട്ട് ധരിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകനെയാണ് പോലീസ് മർദിക്കുകയും നിർബന്ധിച്ച് ടി-ഷർട്ട് അഴിപ്പിക്കുകയും ചെയ്തത്.
അക്ഷയ് കുമാർ എന്ന പ്രവർത്തകനാണ് പേസിഎം എന്നെഴുതിയ ടി-ഷർട്ട് ധരിച്ച് യാത്രയിൽ പങ്കെടുക്കാനെത്തിയത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് നേരത്തെ PayCM പോസ്റ്ററുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
അക്ഷയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയും നിർബന്ധപൂർവം ടി-ഷർട്ട് അഴിപ്പിക്കുകയും കയ്യേറ്റം ചെയ്തുവെന്നുമാണ് പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പേസിഎം പോസ്റ്റർ പ്രദർശിപ്പിക്കുക വഴി അക്ഷയ് കുമാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ അപമാനിച്ചുവെന്ന് ആരോപിച്ച് ബിജെപി ഗുണ്ടൽപേട്ട് ടൗൺ മുൻസിപ്പാലിറ്റി അംഗമായ കിരൺ ഗൗഡ രംഗത്ത് വന്നിരുന്നു.
സർക്കാർ ടെൻഡറുകൾ അനുവദിച്ചു നൽകാൻ വൻതുക കൈപ്പറ്റുന്നതായി ആരോപിച്ച് ബൊമ്മയ്ക്കെതിരെ പ്രചാരണം നടത്താൻ കോൺഗ്രസ് കണ്ടെത്തിയ പദമാണ് പേസിഎം. പൊതുമരാമത്ത് പണികൾക്കായി ബൊമ്മ സർക്കാർ 40 ശതമാനത്തോളം കമ്മിഷൻ കൈപ്പറ്റുന്നതായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി. കെ. ശിവകുമാർ ആരോപിച്ചിരുന്നു.

Back to top button
error: