കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് ഓർമ്മക്കുറവ്. പ്രായമാകുന്തോറും ഓർമ്മക്കുറവ് മുതിർന്നവരെ ബാധിക്കുന്നു. അതുപോലെ പടിക്കുന്നതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ലന്ന പരാതിയാണ് കുട്ടികൾക്ക്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓർമ്മക്കുറവ് പരിഹാരിക്കാം.
- കൂടുതൽ പഞ്ചസാര ശരീരത്തിലെത്തുന്നത് ഓർമ്മ ക്കുറവ് ഉണ്ടാക്കാനും പിന്നീട് അൽഷിമേഷ്യസ് പോലുള്ള രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. മാനസികാരോഗ്യത്തെ ഇത് ബാധിക്കും. രക്തപ്രവാഹത്തിൽ ഗ്ലൂക്കോസ് വർദ്ധിക്കുന്ന ഒരു സന്ദർഭം പോലും തലച്ചോറിന് ഹാനികരമാകാം. അതിന്റെ ഫലമായി വൈജ്ഞാനിക പ്രവർത്തനം മന്ദഗതിയിലാവുകയും ഓർമ്മയിലും ശ്രദ്ധയിലും കുറവുണ്ടാകുകയും ചെയ്യും.
- ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. ഓർമശക്തിയെ നിലനിർത്തുന്നതിൽ ഉറക്കം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഉറക്കം തടസപ്പെടുന്ന ആളുകളിൽ ഓർമ്മക്കുറവ് ഉള്ളതായി പഠനങ്ങൾ പറയുന്നു. 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങുന്നത് മികച്ച ഓർമശക്തി ഉണ്ടാവാൻ സഹായിക്കും.
- മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നിത്യേനയുള്ള വ്യായാമം സഹായിക്കുന്നു. ഡിമെൻഷ്യ പോലുള്ള മറവി രോഗത്തെ അകറ്റി നിർത്താൻ വ്യായാമം സഹായിക്കുന്നു. ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടർ (ബിഡിഎൻഎഫ്) പോലുള്ള തന്മാത്രാ ലക്ഷ്യങ്ങൾ വർദ്ധിപ്പിച്ച് വ്യായാമം മെമ്മറി മെച്ചപ്പെടുത്തുന്നു. ഈ തന്മാത്രാ ഘടകം സിനാപ്‌റ്റോജെനിസിസ് വർദ്ധിപ്പിക്കുകയും, പഠനത്തിനും മെമ്മറിക്കും മധ്യസ്ഥത വഹിക്കുന്ന പുതിയ സിനാപ്‌സുകൾ രൂപപ്പെടുത്തുകയും, വിവരങ്ങൾ ആഗിരണം ചെയ്യാനും ദീർഘകാല ഓർമ്മകൾ രൂപപ്പെടുത്താനും എളുപ്പമാക്കുന്നു.
- പ്രായമാകുന്നതോടെ മസ്‌തിഷ്‌ക കോശങ്ങൾക്കുണ്ടാകുന്ന നാശത്തെ തടയാൻ ആൻറി ഓക്‌സിഡൻറുകളടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് സഹായിക്കുന്നു. അവ അണുബാധയ്‌ക്കുള്ള സാധ്യതയെയും കുറയ്ക്കുന്നു. പഴങ്ങളും പച്ചക്കറികളും പ്രത്യേകിച്ച് ബെറി വർഗത്തിൽപ്പെട്ട പഴങ്ങളും ആൻറി ഓക്‌സിഡൻറുകളാൽ സമൃദ്ധമാണ്.
- മെഡിറ്റേഷൻ ചെയ്യുന്നത് മനസിനെയും ശരീരത്തെയും ഊർജസ്വലമായി നിലനിർത്താൻ സഹായിക്കുന്നു. ഓർമ, ശ്രദ്ധ, മാനസികാവസ്ഥ എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങൾ യോഗ മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.