NEWS

ആംബുലൻസിന് കടന്നുപോകാനുള്ള സൗകര്യം ഒരുക്കി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം

അഹമ്മദാബാദ്: ആംബുലൻസിന് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിൽപ്പെട്ട വാഹനങ്ങൾ റോഡിരികിലേക്ക് ഒതുക്കിനിർത്തി. വെള്ളിയാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള യാത്രാമധ്യേയാണ് പ്രധാനമന്ത്രിയുടെ യാത്ര അൽപ്പനേരം തടസപ്പെട്ടത്.
 ഗുജറാത്തിലെ ബിജെപിയുടെ മീഡിയ സെൽ പങ്കുവെച്ച വീഡിയോയിൽ എസ്.യു.വികൾ റോഡിന്റെ ഇടതുവശത്തേക്ക് നീക്കി നിർത്തുന്നതും ആംബുലൻസ് കടന്നുപോയ ശേഷം യാത്ര തുടരുന്നതും കാണാം.
അഹമ്മദാബാദിലെ ദൂരദർശൻ കേന്ദ്രത്തിന് സമീപത്ത് നടന്ന പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം ഗാന്ധിനഗറിൽ രാജ്ഭവനിലേക്കുള്ള യാത്രയിലായിരുന്നു പ്രധാനമന്ത്രി. ആംബുലൻസിന് വഴി നൽകാൻ പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ കുറച്ചുസമയം നിർത്തിയതായി ഗുജറാത്ത് ബിജെപി പ്രസ്താവനയിൽ വ്യക്തമാക്കി.
ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗാന്ധിനഗർ- മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തു. അഹമ്മദാഹാദ് മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

Back to top button
error: