LocalNEWS

ഹോര്‍ട്ടികോര്‍പിന്റെ ‘ചീഞ്ഞ’ പരിപാടി; സംഭരിക്കാതെ പച്ചക്കറികള്‍ പാടത്ത് കിടന്ന് നശിച്ചു

മറയൂര്‍: ഹോര്‍ട്ടികോര്‍പ് കാന്തല്ലൂരില്‍ പച്ചക്കറി സംഭരിച്ചില്ല; പച്ചക്കറികള്‍ പാടത്ത് ചീഞ്ഞ് നശിച്ചു. ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂര്‍ പ്രദേശത്ത് കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് ഉള്‍പ്പെടെ ഒട്ടേറെ വിളകളാണ് കൃഷി ചെയ്തുവരുന്നത്. ഏറ്റവും കൂടുതല്‍ കൃഷി ഇറക്കുന്നതും ഓണത്തിന് വിറ്റഴിക്കാവുന്ന തരത്തിലാണ്. ഇത്തവണയും പ്രദേശത്ത് അഞ്ഞൂറിറെ കര്‍ഷകര്‍ കൃഷി ഇറക്കിയിരുന്നു.

കനത്ത മഴയും കാലാവസ്ഥാ വ്യതിയാനവുംമൂലം കൃഷിവിളകള്‍ ഭാഗികമായി നശിച്ചിരുന്നു. തുടര്‍ന്നും വിളകള്‍ വിളയിച്ചെടുത്ത് ഓണത്തിന് വിറ്റിഴിക്കാനുള്ള തയാറെടുപ്പിലുമായിരുന്നു കര്‍ഷകര്‍. എന്നാല്‍ മുന്‍പത്തെ വര്‍ഷം പോലെ ഹോര്‍ട്ടികോര്‍പ് കാന്തല്ലൂരിലെ യോഗം ചേരുകയോ പച്ചക്കറി സംഭരിക്കുമെന്ന് അറിയിക്കുകയോ ചെയ്തില്ല. ഓണത്തിന് ഒരാഴ്ചയ്ക്ക് മുന്‍പ് വട്ടവടയില്‍ യോഗം ചേര്‍ന്ന് അവിടെനിന്നു പച്ചക്കറി സംഭരിച്ചു. ഇതിനിടെ ഒരു ലോറി കാന്തല്ലൂരില്‍ എത്തിച്ചു. 86 ചാക്ക് കാബേജ് മാത്രമാണ് ഇതില്‍ സംഭരിച്ചത്.

ഇതിനിടയില്‍ വി.എഫ്.പി.സി.കെ മുഖേന കുറച്ച് പച്ചക്കറി ജില്ലയിലെ വിവിധ ഓണച്ചന്ത വഴി വിറ്റഴിച്ചതാണ് കര്‍ഷകര്‍ക്ക് അല്‍പം ആശ്വാസമായത്. ഹോര്‍ട്ടികോര്‍പ് ഒറ്റത്തവണ മാത്രം കര്‍ഷകരില്‍നിന്ന് പച്ചക്കറി സംഭരിച്ച് പിന്നീട് തിരിഞ്ഞു നോക്കാത്തതിനാലാണ് കൃഷിവിളകള്‍ നശിച്ചതെന്നാണ് കര്‍ഷകര്‍ പറയുന്നത്. വട്ടവടയിലും കാന്തല്ലൂരിലുമായുണ്ടായിരുന്ന കാബേജില്‍ 70 ടണ്‍ സംഭരിച്ചു.

പരമാവധി വിറ്റഴിച്ചെങ്കിലും 25 ടണ്‍ കാബേജ് ബാക്കിയായി. പാലക്കാട്ടെ ഗോഡൗണില്‍ ഒരാഴ്ച സൂക്ഷിച്ചെങ്കിലും പിന്നീടും ടണ്‍ കണക്കിന് കാബേജ് നശിച്ചു. മുന്‍പ് സംഭരിച്ച പച്ചക്കറി ഇനത്തില്‍ 20 ലക്ഷം രൂപയോളം കുടിശിക വരുത്തിയ ഹോര്‍ട്ടികോര്‍പ് ഇതെങ്കിലും കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. കാബേജ് നശിച്ചതുകൊണ്ടാണ് സംഭരിക്കാതിരുന്നതെന്നും മറ്റു വിളകള്‍ കുറവായിരുന്നെന്നും ഹോര്‍ട്ടികോര്‍പ് അറിയിച്ചു.

Back to top button
error: