ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മുകുൾ വാസ്നിക് മത്സരിക്കും. അദ്ദേഹം നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് മത്സരിക്കാനില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മുകുൾ വാസ്നിക് മത്സരരംഗത്തേക്ക് വരുന്നത്. നിലവിൽ മുതിര്‍ന്ന ദിഗ് വിജയ് സിംഗ്, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്.
നേരത്തെ ജി 23 ഗ്രൂപ്പുമായി ബന്ധം പുലര്‍ത്തിയിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി മുകുൾ വാസ്നിക് നെഹ്റു കുടുംബത്തോട് അടുപ്പം കാണിക്കുന്നുണ്ട്. ഗലോട്ട് പിന്മാറിയ സാഹചര്യത്തിലാണ് പൊതുസ്വീകാര്യത പരിഗണിച്ച് മുകുൾ വാസ്നികിനെ മത്സരരംഗത്തേക്ക് അനൗദ്യോഗികമായി പിന്തുണച്ചത് എന്നാണ് സൂചന. നെഹ്റു കുടുംബവുമായി അടുപ്പം പുലര്‍ത്തുന്ന മുതിര്‍ന്ന നേതാവ് പവൻ കുമാര്‍ ബൻസാൽ നേരത്തെ ഒരു സെറ്റ് പത്രിക വാങ്ങിയിരുന്നു. ആ പത്രിക മുകുൾ വാസ്നിക്കിൻ്റെ പേരിൽ സമര്‍പ്പിക്കപ്പെടാനാണ് സാധ്യത. നാമനിര്‍ദേശ പത്രിക പിൻവലിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ എട്ടിനാണ്. അതുവരെ നാടകീയരംഗങ്ങൾ തുടരാനാണ് സാധ്യത.
അതേസമയം സച്ചിന്‍ പൈലറ്റ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടികാഴ്ച നടത്തുകയാണ്. ദില്ലിയിലെ സോണിയയുടെ വസതിയിലാണ് കൂടിക്കാഴ്ച. രാജസ്ഥാനിലെ പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് സച്ചിന്‍ സോണിയയെ കാണുന്നത്. മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന് അശോക് ഗെലോട്ട് അറിയിച്ചത് ഹൈക്കമാന്‍ഡ് സച്ചിനെ അറിയിക്കും. പകരം പദവി എന്തെന്നു സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ഹൈക്കമാന്‍ഡ് സച്ചിനെ അറിയിക്കും. 2020 ലെ വിമതി നീക്കത്തിന് പിന്നാലെ പിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്നും സച്ചിനെയും അടുപ്പക്കാരെ മന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. ഈ പദവികൾ തിരിച്ചു നല്‍കണമെന്ന് പൈലറ്റ് ദീർഘ നാളായി ആവശ്യമുന്നയിക്കുന്നുണ്ട്.
മത്സരിക്കാൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്ന അശോക് ഖെലോട്ട് രാജസ്ഥാനില്‍ ഹൈക്കമാന്‍റിന് അതൃപ്തി ഉണ്ടാക്കായി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഒന്നര മണിക്കൂറോളം നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം പരസ്യപ്പെടുത്തിയത്. രാജസ്ഥാനിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും യഥാർത്ഥത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള വിമുഖതയാണ് മത്സരിക്കാത്തതിന്കാരണം.
സമവായത്തിനായി മുതിർന്ന നേതാക്കളെ അടക്കം നിയോഗിച്ചെങ്കിലും സച്ചിൻ പൈലറ്റിനായി മുഖ്യമന്ത്രി പദം ഒഴിയാന്‍ ഗെലോട്ട് തയ്യാറായില്ല. ഇരട്ട പദവി വഹിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം അനുമതിയും നല്‍കിയില്ല. ഹൈക്കമാന്‍റിനെ മറികടന്ന് രാജസ്ഥാനില്‍ എംഎല്‍എമാര്‍ ഗെലോട്ടിനായി പ്രമേയം പാസാക്കിയ സംഭവത്തില്‍ സോണിയാഗാന്ധിയോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.