KeralaNEWS

എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെൽത്തി വാക്ക് വേ: മന്ത്രി

തിരുവനന്തപുരം: ഹൃദ്രോഗം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെൽത്തി വാക്ക് വേ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കായിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് ഹെൽത്തി വാക്കിനായി പ്രത്യേക സ്ഥലം കണ്ടെത്തും. കേരള ഹാർട്ട് ഫൗണ്ടേഷന്റെ സഹകരണവുമുണ്ട്. ചികിത്സയെക്കാൾ പ്രധാനമാണ് ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുക എന്നത്. കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗവും കേരള ഹാർട്ട് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ലോക ഹൃദയ ദിനാചരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പാളയം മഹാത്മാ അയ്യൻകാളി ഹാളിൽ വച്ച് നിർവഹിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ രംഗത്ത് കേരളം വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഏറ്റവും കുറവ് ശിശു മരണമുള്ള സംസ്ഥാനമാണ് കേരളം. ശിശുമരണ നിരക്ക് ഇനിയും കുറയ്ക്കാനുള്ള ശ്രമമാണ് ഹൃദ്യം പോലുള്ള പദ്ധതികൾ വഴി നടത്തുന്നത്. ജീവിതശൈലീ രോഗങ്ങൾ വലിയ വെല്ലുവിളിയാണ്. ജീവിത ശൈലീരോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടപ്പിലാക്കി. 25 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തി. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കി വരുന്നു. ഹൃദയ രോഗ ചികിത്സ ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ, ജനറൽ ആശുപത്രികളിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Signature-ad

ഏറ്റവും ചെലവേറിയ ഹൃദ്രോഗ ചികിത്സ എല്ലാവർക്കും പ്രാപ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡി.ആർ. അനിൽ,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കലാ കേശവൻ, മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദ്,പ്രൊഫസർ ഡോ. വിവി രാധാകൃഷ്ണൻ, കേരള ഹാർട്ട് ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റർ ബിനോയ് മാത്യു എന്നിവർ പങ്കെടുത്തു.

Back to top button
error: