കോട്ടയം: എംസി റോഡിൽ പട്ടിത്താനത്തു നിന്നു തിരിഞ്ഞ് തിരുവല്ല പെരുന്തുരുത്തി കവലയിൽ എത്തിച്ചേരാനാകുന്ന ബൈപ്പാസ് റോഡ് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഗതാഗതത്തിനായി തുറന്നു കൊടുക്കും.ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി നഗരങ്ങളിലെ തിരക്ക് ഒഴിവാക്കി തിരുവല്ലയിലെത്താൻ സാധിക്കുന്ന റോഡാണിത്.
എംസി റോഡിൽ പട്ടിത്താനം കവലയിൽ നിന്ന് ആരംഭിക്കുന്ന ബൈപാസിന് പട്ടിത്താനം – പെരുന്തുരുത്തി ബൈപാസ് എന്നാണ് പൂർണമായ പേര്. പട്ടിത്താനത്തു നിന്നു മണർകാട് കവലയിൽ എത്തിച്ചേരുന്ന വാഹനങ്ങൾക്ക് പുതുപ്പള്ളി, തെങ്ങണ, നാലുകോടി വഴി എംസി റോഡിലെ പെരുന്തുരുത്തി കവലയിൽ എത്തിച്ചേരാം. മണർകാട് കവല കെകെ റോഡിന്റെ ഭാഗമായതിനാൽ കോട്ടയം – കുമളി റോഡിലേക്കും പ്രവേശിക്കാൻ കഴിയും.
അവസാന റീച്ചായ 1.8 കിലോമീറ്റർ റോഡിലാണ് അവസാനഘട്ട ടാറിങ് നടക്കുന്നത്. ബിഎംബിസി നിലവാരത്തിലുള്ള ടാറിങ്ങാണ് നടത്തുന്നത്. ഇത് ഉടൻ പൂർത്തിയാകും. ബൈപാസ് കടന്നു പോകുന്ന പ്രധാന കവലകളിൽ പൊതുമരാമത്ത് വകുപ്പ് സിഗ്നൽ ബോർഡുകൾ സ്ഥാപിക്കും. റോഡുകളിൽ ആവശ്യമുള്ളിടത്ത് സീബ്രാ വരകളും മറ്റു അടയാളങ്ങൾക്കുള്ള വെള്ള വരകളും വരയ്ക്കും. ഓടകൾക്കു മൂടി സ്ഥാപിക്കും.
ബൈപാസ് ഗതാഗതത്തിനു തുറന്നു കൊടുത്ത ശേഷം ഒരു മാസം നാറ്റ്പാക് ഗതാഗതം നിരീക്ഷിക്കും. പ്രധാന കവലകൾ വഴി പോകുന്ന വാഹനങ്ങളുടെ കണക്കെടുക്കും. ഇതനുസരിച്ചാകും കവലകളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുക. റോഡ് വശങ്ങളിലെ പാർക്കിങ് പൂർണമായി നിരോധിച്ചു. അനധികൃത പാർക്കിങ്ങിനു പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നു അധികൃതർ അറിയിച്ചു.
എംസി റോഡ് വഴിയും ബൈപാസിലൂടെയും പട്ടിത്താനം മുതൽ പെരുന്തുരുത്തി വരെ 36 കിലോമീറ്ററാണ് ദൂരം. എന്നാൽ എംസി റോഡിൽ ഏറ്റുമാനൂർ, കോട്ടയം, ചിങ്ങവനം, ചങ്ങനാശേരി എന്നീ കവലകളിലെ തിരക്ക് മറികടന്നു വേണം പെരുന്തുരുത്തിയിൽ എത്താൻ. പെരുന്തുരുത്തിയിൽ നിന്നു തിരുവല്ലയ്ക്ക് 4.4 കിലോമീറ്ററാണ് ദൂരം.