KeralaNEWS

പിഎഫ്‌ഐക്കെതിരെ എടുത്ത നടപടി അഭികാമ്യം, സംഘപരിവാര്‍ വര്‍ഗീയതക്കെതിരെയും ഇത്തരം നടപടികള്‍ കൈക്കൊള്ളണം: ഷാഫി പറമ്പില്‍

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടിയില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റും എംഎല്‍എയുമായ ഷാഫി പറമ്പില്‍. നിയമ വിരുദ്ധനടപടികൾക്ക് എതിരെ എടുത്ത നടപടി അഭികാമ്യമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സംഘപരിവാർ വർഗീയതക്ക് എതിരെയും ഇത്തരം നടപടികൾ കൈക്കൊള്ളണമെന്നും സിപിഎം വർഗീയ സംഘടനകളെ തരാതരം ഉപയോഗിക്കുന്നുവെന്നും പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാവ് എകെ ആന്‍റണിയും പ്രതികരിച്ചു. എല്ലാ വര്‍ഗീതയതെയും എതിര്‍ക്കണമെന്നും ആര്‍എസ്എസിനെയും നിരോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത് കൊടിക്കുന്നില്‍ സുരേഷ് എംപിയും രംഗത്തെത്തി. ന്യൂനപക്ഷ വർഗീയതക്ക് വളം വെക്കുന്നത് ആര്‍എസ്എസാണെന്ന് അദ്ദേഹം പറഞ്ഞു.  നിരോധനം കൊണ്ട് മാത്രം കാര്യമില്ലെന്ന് വിഡി സതീശനും എകെ ആന്‍റണിയും പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രധാന നേതാക്കള്‍ രംഗത്തെത്തിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അഞ്ച് വര്‍ഷത്തെ നിരോധനം തന്നെയാണ് എല്ലാ സംഘടനകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് കേന്ദ്രം ഉത്തരവില്‍ വ്യക്തമാക്കി. ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനമെന്നുള്ളതാണ് ശ്രദ്ധേയം. വിവിധ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.

Back to top button
error: