കൊല്ലം: പോലീസിനെ കണ്ട് വീടിന്റെ മേല്‍ക്കൂരയില്‍നിന്ന് എടുത്തുചാടിയ യുവാവിന്റെ കാലൊടിഞ്ഞു. യുവതിയെ ശല്യംചെയ്തെന്ന പരാതി അന്വേഷിക്കാനാണ് ഉമയനല്ലൂര്‍ പേരയം വിനീത് ഭവനില്‍ വിനീതിനെ തേടി പോലീസ് എത്തിയത്. പൊലീസിനെ ഭീഷണിപ്പെടുത്താന്‍ കത്തികൊണ്ട് കൈകളില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഇയാളെ പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
വീടിന്റെ മേല്‍ക്കൂരയിലൊളിച്ചിരുന്ന ഇയാള്‍ പോലീസിനെക്കണ്ട് എടുത്തുചാടിയത് അടുത്ത പുരയിടത്തിലേക്കായിരുന്നു. വീഴ്ചയില്‍ കാലിനു പരുക്കുപറ്റിയതോടെ അവസാന അടവെന്നനിലയില്‍ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു.
എന്നാല്‍, പോലീസ് ഇയാളെ പിടികൂടി നെടുങ്ങോലത്ത് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കിയശേഷം അറസ്റ്റ് ചെയ്തു. ഇയാളുടെ പേരില്‍ മറ്റ് രണ്ട് കേസുകള്‍കൂടി നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.