കോഴിക്കോട്: ഹൈലൈറ്റ് മാളില്‍ സിനിമ പ്രമോഷന് കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ യുവനടിമാര്‍ക്കു നേരെ ലൈംഗികാതിക്രമം. തിരക്കിനിടയില്‍ ഒരു നടി അതിക്രമം കാണിച്ച യുവാവിന്റെ മുഖത്തടിച്ചു. ചൊവ്വാഴ്ച രാത്രി 9.30 നു ശേഷമാണു സംഭവം. ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവര്‍ത്തകരും വൈകിട്ട് 7ന് ഹൈലൈറ്റ് മാളില്‍ എത്തിയത്. കവാടത്തില്‍ വന്‍ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
9 മണിയോടെ പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന യുവാവ് കയറിപ്പിടിച്ചത്. ജനങ്ങള്‍ തടിച്ചുകൂടിയ സാഹചര്യത്തില്‍ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിന്‍വശത്തെ ലിഫ്റ്റ് വഴി ഇറങ്ങാന്‍ പോലീസ് നിര്‍ദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയില്‍ വരാന്തയില്‍ നിന്നാണു കയ്യേറ്റം ഉണ്ടായത്. ഉടനെ അവര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ബലം പ്രയോഗിച്ചു വരാന്തയില്‍ നിന്ന ആരാധകരെ മാറ്റാന്‍ ശ്രമിച്ചു. ഇതിനിടയിലാണു യുവനടി കയ്യേറ്റം ചെയ്ത വ്യക്തിയുടെ മുഖത്തടിച്ചത്. ഉടനെ സഹപ്രവര്‍ത്തകര്‍ ഇവരെ സ്ഥലത്തു നിന്നു മാറ്റി. മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായതായും പറയുന്നു. ഈ നടി ഇത് പിന്നീട് ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.
ഹൈലൈറ്റ് മാളില്‍ ഇത്തരം സിനിമാ പ്രചാരണം നടക്കാറുണ്ടെങ്കിലും അധികൃതര്‍ വിവരം അറിയിക്കാറില്ലെന്നു പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈകിട്ട് പോലീസ് സ്ട്രൈക്കിങ് ഫോഴ്സും പന്തീരാങ്കാവ് പോലീസും സ്ഥലത്തുണ്ടായിരുന്നു. 7 മുതല്‍ 9 വരെയാണു പരിപാടി നടന്നത്. അതുവരെ പ്രശ്നങ്ങള്‍ ഉണ്ടായില്ലെന്നും പുറത്തു തടിച്ചുകൂടിയവര്‍ പിരിഞ്ഞുപോയ സമയത്ത് മാളിന്റെ ഉള്ളില്‍ നിന്നാണ് നടിയെ കയ്യേറ്റം ചെയ്തതെന്നും പോലീസ് പറഞ്ഞു. ഇന്നു സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.