കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ താനും കുടുംബവും നേരിടുന്ന സൈബര്‍ അറ്റാക്കുകള്‍ക്കെതിരേ പ്രതികരിച്ച് നടിയും ഗായികയുമായ അഭിരാമി സുരേഷ്. സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് അവര്‍ പറഞ്ഞു. സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെ വിവാഹമോചനവും ജീവിതവുമൊക്കെ ചര്‍ച്ചയാക്കി അനാവശ്യ വിലയിരുത്തലുകളും ചര്‍ച്ചകളും നടത്തുന്നവര്‍ക്കെതിരെയാണ് അഭിരാമി രംഗത്തെത്തിയിരിക്കുന്നത്.
കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഭിരാമി പറഞ്ഞു.
നിങ്ങള്‍ ലൈംലൈറ്റിലുള്ളവരല്ലേ, ഇതൊക്കെ ഉണ്ടാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ ഒരു പരിധിവിട്ടാല്‍ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ല. ഒരു പരിധി വിടാന്‍ കാത്തിരിക്കുന്നത് നമ്മുടെ മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇപ്പോള്‍ താന്‍ സംസാരിക്കുന്നത്. ഹേറ്റേഴ്‌സിന്റെ കാര്യത്തില്‍ യാതൊരു കുറവുമില്ല എന്ന കാര്യത്തില്‍ ഞാനും ചേച്ചിയും ഭയങ്കര ലക്കിയാണ്. ചേച്ചിയുടെ ജീവിതത്തില്‍ വളരെ സുപ്രധാനമായ ഒരു കാര്യം നടന്നു. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നതെന്ന് അഭിരാമി പറഞ്ഞു.
പച്ചത്തെറി വിളിച്ചിട്ടാണ് ഇവര്‍ നമ്മളെ സംസ്‌കാരം പഠിപ്പിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ നിയമപരമായി മുന്നോട്ടുപോവും. എന്റെ മുഖത്തിന്റെ കുറവുകളെപ്പറ്റി എനിക്കറിയാം. വൈകല്യങ്ങളെ നോക്കി ക്രൂരമായി കളിയാക്കുന്നവരുണ്ട്. പാപ്പു ഹാപ്പിയാണ്. മിണ്ടാതിരിക്കുന്നവരെ കേറി കല്ലെറിയുന്നതിന് ഒരു പരിധിയുണ്ട്. എന്തിനാണ് ഇതിനൊക്കെ പ്രതികരിക്കുന്നത് എന്ന് ചോദിച്ചാല്‍ ജീവിക്കാന്‍ പറ്റാഞ്ഞിട്ടാണ് എന്നും താരം പറഞ്ഞു.
അതിനിടെ വീഡിയോക്ക് കമന്റുമായി സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ രംഗത്തെത്തി. ഇതിന്റെ അറ്റം കണ്ടിട്ടേ നിര്‍ത്താന്‍ പാടുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ”നന്ദി ചേട്ടച്ഛാ, ഈ വിഷയത്തിലേക്ക് നിങ്ങളുടെ പേര് വലിച്ചിഴച്ചതില്‍ ക്ഷമിക്കണമെന്നും തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ പീഡനം അവസാനിക്കില്ല” -അഭിരാമി സുരേഷ് മറുപടിയായി പറഞ്ഞു. തന്റെ പോസ്റ്റിന് വന്ന മോശം കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും അഭിരാമി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.