മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണത്തിൽ അഴിമതി നടത്തിയെന്ന കേസിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയെ അറസ്റ്റ് ചെയ്തു. ഏഴ് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ പ്രതികളായ മറ്റു രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കോൺഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ് മാസ്റ്റർ, ലീഗ് നേതാവ് യു മഹറൂഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. മൂന്നു പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മട്ടന്നൂർ മഹല്ല് ജുമാ മസ്ജിദ് നിർമാണത്തിലും ഷോപ്പിങ് കോംപ്ലക്‌സ് നിർമാണത്തിലും ഷോപ്പുകൾ വാടകക്ക് നൽകുമ്പോൾ വാങ്ങിയ ഡെപ്പോസിറ്റിലും അഴിമതി നടത്തിയെന്നാണ് ആരോപണം. പള്ളി കമ്മിറ്റി ഭാരവാഹിയായ വ്യക്തി തന്നെയാണ് പരാതി നൽകിയത്. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെയും ടെണ്ടർ നടപടികളില്ലാതെയുമാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നാണ് പരാതി. ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. അഴിമതി നടത്താൻ വേണ്ടിയാണ് വഖഫ് ബോർഡ് അനുമതി വാങ്ങാതെ നിർമാണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.