ശ്യാം ശങ്കർ
മലയാളത്തിൽ ഗാനനിരൂപണ ശാഖ വേണ്ടത്ര സർഗാത്മകമല്ല എന്നാണ് വിദഗ്ധ മതം. വരികളുടെ സൗരഭ്യമോ ആലാപത്തിൻ്റെ ആഴമോ അത് അനുവാചകരിൽ സൃഷ്ടിക്കുന്ന അനുരണനങ്ങളോ വിലയിരുത്തപ്പെടുന്നില്ല. ഉപരിപ്ലവമായ വാചക കസർത്തുകളാണ് ഗാനനിരൂപണമെന്നാണ് പലരുടെയും ധാരണ. ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമായ കെ.ജെ യേശുദാസിൻ്റെ ആലാപത്തിലെ സവിശേഷതകൾ സൂക്ഷമമായി വിലയിരുത്തുകയാണ് ഇവിടെ.
നമുക്ക് അറിയാം, വോയിസ് ഡൈനാമിക്സ് എന്നൊരു ഘടകമുണ്ട് ഗാനാലാപനത്തിൽ. ശ്രുതിയും, താളവും, ഈണവും, ഭാവവും എന്നപോലെ തന്നെ ഒരു പാട്ടിൽ ശബ്ദം, അതിൻ്റെ ഏറ്റക്കുറച്ചിലുകളും, ഘനവും, മൃദുത്വവും ഒക്കെ പാട്ടിലെ വരികളുടെ ഭാവത്തിനും സന്ദർഭത്തിനും അനുസരിച്ച് വിന്യസിക്കുന്നതിനെയാണ് വോയ്‌സ് ഡൈനാമിക്സ് എന്ന് സായിപ്പ് വിളിക്കുന്നത്. യേശുദാസ് പാടുമ്പോളാണ് ഈ വോയ്‌സ് ഡൈനാമിക്സിൻ്റെ സാധ്യതകൾ എത്രത്തോളം വലുതാണെന്ന് നമുക്ക് മനസിലാകുന്നത്. ഒരു ഉദാഹരണം പറയാം: ‘താലോലം’ എന്ന സിനിമയിലെ, ‘ഇനിയെന്ന് കാണും മകളെ’ എന്ന പാട്ട് ആസ്വദിക്കുക. താളക്രമം സമം ആണ്. സായിപ്പിൻ്റെ ഭാഷയിൽ പറഞ്ഞാൽ ഓൺ-ബീറ്റ്. അതായത്, താളത്തെ മാത്രകളായി വിഭജിക്കുന്ന അടിയിൽ പാടിത്തുടങ്ങുന്ന താളക്രമം. ഉദാഹരണത്തിന്, ‘പഞ്ചവർണ്ണപ്പൈങ്കിളിപ്പെണ്ണേ’ എന്ന പാട്ടിൽ ആദ്യത്തെ അടിയിൽ പഞ്ചവർണ്ണ-ത്തിലെ ‘പ’ പാടിത്തുടങ്ങുന്നു. ഇനിയെന്ന് കാണും മകളെ എന്ന പാട്ടിൻ്റെ താളക്രമം സമം ആണ്. പക്ഷെ, ഒരു മകളെ പിരിഞ്ഞ അച്ഛൻ്റെ വേദന നമ്മളെ അറിയിക്കുന്നതിനായി പാട്ടിന്റെ ക്ലൈമാക്സ് എത്തുമ്പോൾ, ‘നിൻ മുഖം തുടച്ചൊരീ പുടവത്തുമ്പ് ഞാനെപ്പോഴും നെഞ്ചോട് ചേർക്കും’ എന്ന ചരണം കഴിഞ്ഞ്, പല്ലവി refrain-ൽ ‘താലോലം പാടിക്കഴിഞ്ഞില്ല’ എന്ന വരിയിലെ ‘പാടിക്കഴിഞ്ഞില്ല’ എന്ന ഭാഗം അല്പം ഓഫ് ബീറ്റിൽ, സമത്തിൽ നിന്നും മാറ്റിയാണ് യേശുദാസ് പാടുന്നത്. അത് ആ ഭാഗത്തിന് കൊടുക്കുന്ന ഭാവം അതിതീവ്രമാണ്. ‘ഓമനിച്ചോമനിച്ച് കൊതിതീർന്നില്ല, താലോലം പാടിക്കഴിഞ്ഞില്ല…’ യേശുദാസിന് മാത്രം പറ്റുന്ന ഭാവാലാപനം.
* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
വെച്ചൂച്ചിറ ബ്രാഞ്ച് മാനേജർ ആണ്
ശ്യാം ശങ്കർ