LocalNEWS

പണമില്ല എന്ന കാരണത്താല്‍ ആര്‍ക്കും ചികിത്സാ കിട്ടാതെ വരില്ല: മന്ത്രി വീണ ജോര്‍ജ്ജ്

പറമ്പുകര ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: പണമില്ല എന്നകാരണത്താല്‍ ചികിത്സ കിട്ടാത്ത അവസ്ഥ കേരളത്തില്‍ ആര്‍ക്കും ഉണ്ടാകില്ലെന്ന് ആരോഗ്യ, വനിത ശിശു വികസന, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. മണര്‍കാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പറമ്പുകര ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

45 ലക്ഷം രൂപ ചെലവ് വരുന്ന കരള്‍മാറ്റ ശസ്ത്രക്രിയ ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ വിജയകരമായി നടത്തിയത് കോട്ടയം മെഡിക്കല്‍ കോളേജിലാണ്. കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയയോടെ മൂന്ന് കരള്‍മാറ്റ ശസ്ത്രക്രിയകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പൂര്‍ത്തിയായത്. ആദ്യത്തെ പത്തു കരള്‍ മാറ്റ ശസ്ത്രക്രിയകള്‍ സൗജന്യമായാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ലോകത്തെവിടെയും ലഭിക്കുന്ന മികച്ച ചികിത്സാസംവിധാനങ്ങള്‍ അതിലും മികച്ച രീതിയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും രാജ്യാന്തര നിലവാരത്തിലേക്കുയര്‍ന്നിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തുറന്ന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി. ഇതു കൂടാതെ ഇവിടെ കോംപ്രഹെന്‍സിവ് സ്‌ട്രോക്ക് യൂണിറ്റിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

Signature-ad

2018ലെ വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച പറമ്പുകര കുടുംബാരോഗ്യ ഉപകേന്ദ്രത്തിന് 50 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലമായതിനാല്‍ അതിനെ അതിജീവിക്കാന്‍ കഴിയുന്ന മുന്‍കരുതലോടെയാണ് 2637 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മിച്ചത്. ഇതോടൊപ്പം കൂരോപ്പട പഞ്ചായത്തിലെ തോട്ടപ്പള്ളി ഉപ ആരോഗ്യേ കേന്ദ്രം, പള്ളിക്കത്തോട് പഞ്ചായത്തിലെ ആനിക്കാട് ഉപ ആരോഗ്യ കേന്ദ്രം, കടപ്ലാമറ്റം പഞ്ചായത്തിലെ മാറിയിടം ഉപാരോഗ്യ കേന്ദ്രം, കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്ത് ഉപ ആരോഗ്യ കേന്ദ്രം, തലയാഴം പഞ്ചായത്തിലെ കൊതവറ ഉപ ആരോഗ്യ കേന്ദ്രം എന്നിവയും ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററുകളായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും ഓണ്‍ലൈനായി ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

ഉമ്മന്‍ ചാണ്ടി എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, മണര്‍കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോണ്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജീവ് രവീന്ദ്രന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജയ്‌മോഹന്‍, മണര്‍കാട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്ന മഞ്ജരി, നിര്‍മ്മിതി കേന്ദ്രം പ്രൊജക്ട് എന്‍ജിനീയര്‍ മിനി ബിജു, ആനിയമ്മ ചാക്കോ എന്നിവര്‍ പങ്കെടുത്തു.

Back to top button
error: