KeralaNEWS

ഒരു തീവ്രവാദികളുടെയും തെറ്റിനെ ന്യായീകരിക്കാൻ സിപിഎം നിൽക്കില്ല: എ. വിജയരാഘവൻ

കണ്ണൂർ: സംസ്ഥാനത്ത് ഒരു വിഭാഗം വ്യാപകമായി അക്രമം നടത്തുമ്പോൾ സർക്കാർ നോക്കി നിൽക്കുകയല്ല ചെയ്തതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. ശക്തമായ നടപടി പൊലീസ് സ്വീകരിക്കുന്നുണ്ട്. പൊലീസ് ശക്തമായ നടപടി സ്വീകരിച്ചത് കൊണ്ടാണ് വലിയ കുഴപ്പം ഒഴിവായത്. ഒരു ചെറിയ വിഭാഗം ഒളിച്ചിരുന്നാണ് ആക്രമണം നടത്തിയത്. ഒറ്റപ്പെട്ട അക്രമത്തെ പെരുപ്പിച്ച് കാണിക്കേണ്ടതില്ല. ഒരു തീവ്രവാദികളുടെയും തെറ്റിനെ ന്യായീകരിക്കാൻ സിപിഎം നിൽക്കില്ല. വർഗീയതയെ സമൂഹവും തള്ളിപ്പറയണം. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ നേരത്തെയും അന്വേഷണം നടന്നിട്ടുണ്ടെന്നും എ.വിജയരാഘവൻ പറഞ്ഞു.

രാജ്യത്തെ തീവ്ര വർഗീയതയുടെ മുഖ്യ കാരണക്കാർ ആർഎസ്എസ് ആണെന്ന് വിജയരാഘവൻ ആരോപിച്ചു. എല്ലാ കാലത്തും വർഗീയതയെ ഉപയോഗിച്ചത് സംഘപരിവാർ സംഘടനകളാണ്. ഇതിന്റെ മറുപുറം എന്ന നിലയിലാണ് ന്യൂനപക്ഷ വർഗീയതയും പ്രവർത്തിക്കുന്നത്. ന്യൂനപക്ഷ വർഗീയത കൊണ്ട് വർഗീയ വിപത്തിനെ ചെറുക്കാനാകില്ല. അക്രമത്തിലൂടെ സ്വാധീനം വർദ്ധിപ്പിക്കനാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നതെന്നും വിജയരാഘവൻ ആരോപിച്ചു.

എകെജി സെന്ററിന് നേരെ നടന്ന ആക്രമണം കോൺഗ്രസിന്റെ ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് എ.വിജയരാഘവൻ ആരോപിച്ചു. പ്രതിയെ പിടികൂടിയത് കേരള പൊലീസിന്റെ അന്വേഷണ മികവിന്റെ ഉദാഹരണമാണ്. രാഹുൽ ഗാന്ധി അടുത്ത തവണയും  പ്രധാനമന്ത്രിയാകുമെന്ന് പറയാനാവില്ല. കോൺഗ്രസ് അധ്യക്ഷനായി ആരു വന്നാലും ആ പാർട്ടി ഇന്നത്തെ നിലയിൽ രക്ഷപ്പെടുമെന്ന് പറയാനാകില്ലെന്നും എ.വിജയരാഘവൻ പറഞ്ഞു.

Back to top button
error: