KeralaNEWS

കോടികള്‍ കൈകാര്യം ചെയ്യാന്‍ ‘കോടീശ്വരന്’ പരിശീലനം

തിരുവനന്തപുരം: 25 കോടി രൂപയുടെ ഓണം ബംപര്‍ ജേതാവ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന് പണം കൈകാര്യം ചെയ്യുന്ന കാര്യങ്ങളില്‍ ഏകദിന പരീശീലനം നല്‍കാന്‍ ലോട്ടറി വകുപ്പ് തയാറെടുക്കുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ സഹായത്തോടെ പരീശീലനം നല്‍കാനാണ് തീരുമാനം.

ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപങ്ങള്‍, എങ്ങനെ സുരക്ഷിതമായി നിക്ഷേപിക്കാം, നികുതി അടയ്‌ക്കേണ്ടത് എങ്ങനെ എന്നതടക്കമുള്ള കാര്യങ്ങളില്‍ അനൂപിനു പരിശീലനം നല്‍കും. ഉയര്‍ന്ന തുക സമ്മാനമുള്ള ലോട്ടറികളുടെ ഒന്നാം സമ്മാന ജേതാക്കള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പരിശീലനം നല്‍കാന്‍ ലോട്ടറി ഡയറക്ടറേറ്റ് നേരത്തേ തീരുമാനിച്ചിരുന്നു. ഓണം ബംപറിന് ഇതുവരെയുള്ള ഏറ്റവും വലിയ തുകയായതിനാല്‍ പരിശീലന ക്ലാസ് അനൂപില്‍ തുടങ്ങാന്‍ തീരുമാനിച്ചു.

Signature-ad

പതിനെട്ടാം തീയതി ഓണം ബംപര്‍ നറുക്കെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാഗ്യവാനെ കണ്ടെത്തിയെങ്കിലും ഇതുവരെ അനൂപിന്റെ അക്കൗണ്ടില്‍ പണം എത്തിയിട്ടില്ല. ലോട്ടറി ടിക്കറ്റിനൊപ്പം സമര്‍പ്പിച്ച രേഖകളായ പാന്‍ കാര്‍ഡിലും ആധാര്‍ കാര്‍ഡിലും അനൂപിന്റെ പേരില്‍ ചെറിയ വ്യത്യാസം ഉള്ളതാണ് കാരണം. ഇതു പിന്നീട് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നതിനാല്‍ അനൂപ് ടിക്കറ്റ് സമര്‍പ്പിച്ച ബാങ്കിന് ലോട്ടറി വകുപ്പ് കത്തു നല്‍കി. ബാങ്കില്‍നിന്ന് രേഖകള്‍ ലഭിച്ചശേഷം പരിശോധന നടത്തി തുക കൈമാറുമെന്ന് അധികൃതര്‍ പറഞ്ഞു.

കാനറ ബാങ്കിലാണ് അനൂപ് ടിക്കറ്റ് കൈമാറിയത്. ലോട്ടറി ടിക്കറ്റിലെ ഒരു അക്ഷരം മാറിയപ്പോള്‍ ഒന്നാം സമ്മാനം നഷ്ടമാകുകയും സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ ലഭിക്കുകയും ചെയ്ത രഞ്ജിതയ്ക്ക് നറുക്കെടുപ്പിന്റെ പിറ്റേന്നുതന്നെ തുക കൈമാറി. ലോട്ടറി ജേതാക്കള്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ മൂന്നു ദിവസത്തിനകം സമ്മാനം കൈമാറാന്‍ ഓഗസ്റ്റില്‍ ലോട്ടറി ഡയറക്ടറേറ്റ് തീരുമാനിച്ചിരുന്നു. ഓണം ബംപര്‍ ജേതാവിന് 10% ഏജന്‍സി കമ്മിഷനും 30% നികുതിയും കഴിഞ്ഞ് 15.75 കോടി രൂപയാണ് ലോട്ടറി വകുപ്പ് കൈമാറുക. സര്‍ചാര്‍ജും സെസുമെല്ലാം കഴിഞ്ഞ് ജേതാവിന് ഉപയോഗിക്കാന്‍ കഴിയുന്ന തുക 12.89 കോടി രൂപയാണ്.

 

Back to top button
error: