Breaking NewsNEWS

അക്രമികളുടെ അഴിഞ്ഞാട്ടം: കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തുന്നു, പോലീസ് സംരക്ഷണം തേടി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായി കല്ലേറ്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കോട്ടയം എന്നീ ജില്ലകളിലാണ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ അക്രമം തുടരുന്ന സാഹചര്യത്തില്‍ പലയിടത്തും സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പോലീസ് സംരക്ഷണം ലഭിച്ചാല്‍ സര്‍വീസ് തുടരുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

കണ്ണൂര്‍ ഉളിയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരെയുണ്ടായ കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. പത്തനംതിട്ട പന്തളത്ത് കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. പന്തളം-പെരുമണ്‍ സര്‍വീസിന് നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവര്‍ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. ആലുവയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ ചില വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. പാലക്കാട് – കുളപ്പുള്ളി സംസ്ഥാന പാതയില്‍ ലക്കിടി മംഗലത്ത് ലോറിക്ക് നേരെ കല്ലെറുണ്ടായി. കോഴിക്കോട്ട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും മൂന്നു കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് കല്ലായിയില്‍ ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്.

കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം കെ.എസ്.ആര്‍.ടി.സി ബസിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലു തകര്‍ന്ന് കണ്ണിനു പരുക്കേറ്റ ഡ്രൈവറെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സിനു മുന്‍പില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരെയുണ്ടായ കല്ലേറിലും ഡ്രൈവര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ മുട്ടിത്തടി സ്വദേശി സിജിക്കാണ് (48) പരുക്കേറ്റത്. ഇദ്ദേഹം ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കണ്ണൂരില്‍ കാറിനു നേരെ കല്ലേറുണ്ടായി.

രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും നിര്‍ദ്ദേശമുണ്ട്. കരുതല്‍ തടങ്കലിനും നിര്‍ദേശം നല്‍കി.

സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല റേഞ്ച് ഡിഐജിമാര്‍ക്കാണ്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുമെന്നാണ് സിഎംഡി നല്‍കിയ അറിയിപ്പ്. വ്യാഴാഴ്ച പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി എന്‍ഐഎ, എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

 

 

Back to top button
error: